പാലക്കാട്: പുതുപരിയാരത്ത് ദമ്പതിമാരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പുതുപരിയാരം പ്രതീക്ഷനഗര്‍ സ്വദേശികളായ ചന്ദ്രന്‍(60) ഭാര്യ ദേവി(50) എന്നിവരാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇവരുടെ രണ്ടാമത്തെ മകനായ സനലിനെ വീട്ടില്‍നിന്ന് കാണാതായിട്ടുണ്ട്. ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. 

തിങ്കളാഴ്ച രാവിലെയാണ് ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചോരയില്‍ കുളിച്ചനിലയിലായിരുന്നു മൃതദേഹങ്ങള്‍. വീട്ടിലെ ലിവിങ് റൂമിലാണ് ചന്ദ്രന്റെ മൃതദേഹം കിടന്നിരുന്നത്. ദേവിയുടെ മൃതദേഹം കിടപ്പുമുറിയിലും കണ്ടെത്തി. രണ്ടുപേരുടെയും ശരീരമാസകലും വെട്ടേറ്റ പാടുകളുണ്ട്. മൃതദേഹങ്ങള്‍ക്ക് സമീപത്തുനിന്ന് വിഷക്കുപ്പിയും കീടനാശിനിയും കണ്ടെടുക്കുകയും ചെയ്തു. 

ദമ്പതിമാരുടെ രണ്ടാമത്തെ മകനായ സനല്‍ ഇവര്‍ക്കൊപ്പം വീട്ടിലുണ്ടായിരുന്നതായാണ് പോലീസിന് ലഭിച്ചവിവരം. ഞായറാഴ്ച രാത്രി ഒമ്പത് മണിവരെ സനലിനെ വീട്ടില്‍ കണ്ടതായി അയല്‍ക്കാര്‍ മൊഴിനല്‍കിയിട്ടുണ്ട്. എന്നാല്‍ പിന്നീട് സനലിനെക്കുറിച്ച് വിവരമൊന്നുമില്ല. 

മുംബൈയിലെ ഒരു ജൂവലറിയില്‍ ജോലിചെയ്തിരുന്ന സനല്‍ കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് നാട്ടില്‍ തിരിച്ചെത്തിയത്. ബി.ടെക്ക് ബിരുദധാരിയായ ഇയാള്‍ക്ക് ബെംഗളൂരുവിലടക്കം സൗഹൃദങ്ങളുണ്ടെന്നാണ് പോലീസ് നല്‍കുന്നവിവരം. അതിനാല്‍തന്നെ ഇവിടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ചന്ദ്രന്‍-ദേവി ദമ്പതിമാരുടെ മറ്റു രണ്ട് മക്കളും എറണാകുളത്താണ് താമസം.  

Content Highlights: Couple found dead at home in Palakkad; Police confirm it as murder