മൈസൂരു: വിവാഹനിശ്ചയത്തിന് മകൾ വിസമ്മതിച്ചതിനെത്തുടർന്ന് രക്ഷിതാക്കൾ തൂങ്ങിമരിച്ചു. ഹാസനിലെ അലുർ താലൂക്കിലെ ബല്ലുരുപുര ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം.
കർഷകരായ പുട്ടരാജു (58), കാന്തമ്മ (52) എന്നിവരാണ് ജീവനൊടുക്കിയത്. കുട്ടികളില്ലാതിരുന്ന ഇവർ 20 വർഷംമുമ്പ് ആൺകുട്ടിയെയും പെൺകുട്ടിയെയും ദത്തെടുത്ത് വളർത്തുകയായിരുന്നു. വളർത്തുമകനെ വിവാഹംചെയ്ത് അയച്ചശേഷം ബിരുദവിദ്യാർഥിനിയായ മകൾക്കായി വരനെ അന്വേഷിക്കുകയായിരുന്നു ദമ്പതിമാർ. അന്വേഷണത്തിനൊടുവിൽ ജില്ലയിൽത്തന്നെയുള്ള യുവാവുമായി ഞായറാഴ്ച വിവാഹനിശ്ചയമുറപ്പിച്ചു. എന്നാൽ, വിവാഹത്തിന് പെൺകുട്ടി തയ്യാറായിരുന്നില്ല.
പെൺകുട്ടിയുടെ തീരുമാനത്തിൽ മാറ്റമുണ്ടാകാതെ വന്നതോടെ ദമ്പതിമാർ വീടിനോടുചേർന്ന കാലിത്തൊഴുത്തിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)