ചാത്തന്നൂര്‍(കൊല്ലം): പാലക്കാട് കള്ളനോട്ട് കേസില്‍ പിടിയിലായ ദമ്പതിമാരുടെ വീട്ടില്‍നിന്ന് പോലീസ് കണ്ടെടുത്തത് നിരവധി കള്ളനോട്ടുകളും നോട്ടടിയന്ത്രവും. കൊല്ലം കൊട്ടിയം സ്വദേശി രഞ്ജിത്തിന്റെ ചാത്തന്നൂര്‍ കണ്ണേറ്റയിലെ വീട്ടിലാണ് പോലീസ് സംഘം ചൊവ്വാഴ്ച പരിശോധന നടത്തിയത്.

ഇവിടെനിന്ന് അഞ്ഞൂറുരൂപയുടെ 53 കള്ളനോട്ടുകളും ഇരുന്നൂറുരൂപയുടെ 122 കള്ളനോട്ടുകളും പോലീസ് പിടിച്ചെടുത്തു. 

കള്ളനോട്ട് അടിക്കാന്‍ ഉപയോഗിച്ചിരുന്ന പ്രിന്റിങ് മെഷീന്‍ അടക്കമുള്ള ഉപകരണങ്ങളും പോലീസ് വീട്ടില്‍നിന്ന് കണ്ടെടുത്തു. കഴിഞ്ഞദിവസമാണ് രഞ്ജിത്തിനെയും ഭാര്യ ലിജയെയും പാലക്കാട് മങ്കരയില്‍ കള്ളനോട്ടുമായി പോലീസ് പിടികൂടിയത്.

counterfeit note couple case
രഞ്ജിത്തിന്റെ ചാത്തന്നൂരിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തുന്നു. ഫോട്ടോ: നാരായണന്‍ ഉണ്ണി

മങ്കരയിലെ കടകളില്‍ കള്ളനോട്ട് നല്‍കി കബളിപ്പിച്ച ദമ്പതിമാരെ വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് പിടികൂടുകയായിരുന്നു.പിന്നീട് പോലീസ് സംഘം സ്ഥലത്തെത്തി നോട്ട് വ്യാജമാണെന്ന് സ്ഥിരീകരിച്ചതോടെ ഇരുവരെയും അറസ്റ്റ് ചെയ്തു.

couple counterfeit note case kollam
രഞ്ജിത്തിന്റെ ചാത്തന്നൂരിലെ വീട്ടില്‍നിന്ന് പോലീസ് പിടിച്ചെടുത്ത കള്ളനോട്ടുകളും നോട്ടടിയന്ത്രങ്ങളും. ഫോട്ടോ: നാരായണന്‍ ഉണ്ണി

ഇവരില്‍നിന്ന് 500 രൂപയുടെ 117 നോട്ടും 200 രൂപയുടെ 27 നോട്ടും കണ്ടെടുത്തതായും കഴിഞ്ഞദിവസം മങ്കര പോലീസ് പറഞ്ഞിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ദമ്പതിമാര്‍ സമീപജില്ലയിലും കള്ളനോട്ട് കൈമാറിയതായി പോലീസ് പറഞ്ഞു. മങ്കര എസ്.ഐ. എന്‍.കെ. പ്രകാശിനാണ് അന്വേഷണച്ചുമതല.

Content Highlights: couple arrested with counterfeit notes in palakkad; police seized more counterfeits notes from their home in kollam