ഏനാത്ത്(പത്തനംതിട്ട): ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട ഏനാത്ത് സ്വദേശിക്ക് ചാരായമെത്തിച്ച കേസില്‍ ദമ്പതിമാര്‍ അറസ്റ്റില്‍. ആലപ്പുഴ തലവടി മൂലേപ്പടി കുറ്റിയില്‍ വീട്ടില്‍ ഷിബു മാത്യു (37), ഭാര്യ പാലക്കാട് കണ്ണംപ്ര വളയംവീട്ടില്‍ സൗമ്യ (32) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് 16 ലിറ്റര്‍ ചാരായം പോലീസ് പിടിച്ചെടുത്തു.

അഞ്ച് ലിറ്റര്‍ വീതം രണ്ട് കന്നാസുകളിലും ഒരുലിറ്റര്‍ വീതം ആറ് മിനറല്‍ വാട്ടര്‍ കുപ്പിയിലുമാണ് ബൈക്കില്‍ കൊണ്ടുവന്നത്. ഫെയ്‌സ്ബുക്ക് സുഹൃത്തുതന്നെയാണ് പോലീസില്‍ വിവരം അറിയിച്ചത്. പാലായിലാണ് ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്നത്. തിങ്കളാഴ്ച വൈകീട്ട് ഏഴിനാണിവര്‍ ഏനാത്തെത്തിയതും പിടികൂടിയതും. ഏനാത്ത് ഇന്‍സ്‌പെക്ടര്‍ പി.എസ്.സുജിത്തിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.