തിരുവല്ല: സ്ത്രീകളുടെ മാല കവരുന്നയാളെ തിരുവല്ല പോലീസ് പിടികൂടി. ആലപ്പുഴ മിത്രമഠം കോളനി സ്വദേശി ലെതിന്‍ ബാബു (33) ആണ് പിടിയിലായത്. ഇയാളുടെ ഭാര്യ സൂര്യാമോളെയും (26) കുറ്റൂരിലെ വാടക വീട്ടില്‍നിന്നും പോലീസ് അറസ്റ്റുചെയ്തു.

ലെതിന്‍ ബാബു മോഷ്ടിച്ചുകൊണ്ടുവരുന്ന സ്വര്‍ണം വിറ്റിരുന്നത് സൂര്യാമോളാണെന്ന് പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിയുടെ നിര്‍ദേശപ്രകാരം തിരുവല്ല ഡിവൈ.എസ്.പി. രാജപ്പന്‍ റാവുത്തര്‍, പത്തനംതിട്ട ഡിവൈ.എസ്.പി. സജീവ് എന്നിവരുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ കുടുക്കിയത്.

കഴിഞ്ഞ കുറച്ചുമാസങ്ങളായി തിരുവല്ല, പുളിക്കീഴ്, ചെങ്ങന്നൂര്‍ പ്രദേശങ്ങളില്‍ സമാനരീതിയുള്ള മോഷണങ്ങള്‍ നടന്നിരുന്നു.

രാവിലെ ഇറങ്ങിനടക്കാനും വ്യായാമം ചെയ്യാനും പോകുന്നു എന്ന വ്യാജേന സ്ത്രീകളെ ആദ്യം നിരീക്ഷിക്കും. പിന്നീട് അവരെ കാത്തുനിന്ന് മാല കവരുന്നതാണു ഇയാളുടെ രീതി. മോഷണങ്ങളുടെ എണ്ണം വര്‍ധിച്ചതോടെ സമീപപ്രദേശങ്ങളിലെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചതില്‍നിന്നും പ്രതിയെ തിരിച്ചറിഞ്ഞു.

കുറ്റൂര്‍ പഞ്ചായത്ത് അംഗങ്ങളുടെയും ആശ വര്‍ക്കര്‍മാരുടെയും സഹായത്തോടെ സ്ഥലത്ത് വാടകയ്ക്ക് താമസിക്കുന്ന ആളുകളില്‍ നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് പ്രതിയെ കണ്ടെത്തിയത്.

രാമങ്കരി സ്റ്റേഷനിലെ കേസിനെത്തുടര്‍ന്ന് കുറ്റൂരില്‍ വാടകവീട്ടില്‍ ഒളിവില്‍ കഴിയുകയായരിന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.