ഈറോഡ്: വീട്ടിൽ 233 കിലോഗ്രാം കഞ്ചാവ് വെച്ചിരുന്ന ദമ്പതിമാർ പിടിയിലായി. ഈറോഡ് സോളാർ ഗോൾഡൻ സിറ്റിയിൽ താമസിക്കുന്ന സേലം അമ്മപ്പേട്ട സ്വദേശി കേശവൻ (34), ഭാര്യ ബൃന്ദ (24) എന്നിവരെയാണ് വീട്ടിൽനിന്ന് പോലീസ് പിടികൂടിയത്. ഇവർ വീട്ടിൽ സൂക്ഷിച്ചിരുന്ന കഞ്ചാവും പിടിച്ചെടുത്തു.

ഈറോഡ് നോച്ചിനഗറിൽ താമസിക്കുന്ന മതൻ എന്നയാളാണ് ഇരുവരെയും കഞ്ചാവ് കച്ചവടത്തിനായി വാടകയ്ക്ക് വീടെടുത്ത് താമസിപ്പിച്ചത്. കേസിലെ മുഖ്യപ്രതിയായ ഇയാൾക്കുവേണ്ടി പോലീസ് അന്വേഷണം തുടങ്ങി. ആന്ധ്രയിൽനിന്ന് മൊത്തമായി കഞ്ചാവ് കൊണ്ടുവന്ന് കേശവന്റെ വീട്ടിലാണ് വെക്കാറുള്ളത്. ഇവിടെനിന്ന് മറ്റുള്ളവർക്ക് കൈമാറും. ഇവരുടെകൂടെ കഞ്ചാവുവില്പന നടത്തുന്ന മറ്റ് മൂന്നുപേരെയും ഈറോഡ് താലൂക്ക് പോലീസ് അന്വേഷിച്ചുവരികയാണ്.

പച്ചക്കറിവാഹനങ്ങളിൽ കടത്തിയ പുകയിലയും വിദേശമദ്യവും പിടികൂടി

ഊട്ടി: പച്ചക്കറിവാഹനത്തിൽ നിരോധിച്ച പുകയില ഉത്‌പന്നം, വിദേശമദ്യം എന്നിവ കടത്തിയ നാലുപേർ പോലീസ് പിടിയിലായി. ദേവാലയിലും കക്കനെല്ല ചെക്പോസ്റ്റിലും നടത്തിയ പരിശോധനയിലാണ് രണ്ടു കേസുകളിലായി നാലുപേരെ പിടികൂടിയത്. കർണാടകയിലെ ഗുണ്ടൽപ്പേട്ടിൽനിന്ന് ഗൂഡല്ലൂർവഴി നീലഗിരി ജില്ലയിലേക്ക് കടത്താൻ ശ്രമിക്കുമ്പോഴാണ് ഇവർ പിടിയിലായത്.

ദേവാലയിൽ പോലീസ് നടത്തിയ വാഹനപരിശോധനയിൽ പച്ചക്കറി കയറ്റിവന്ന വാനിൽ 3000 പാക്കറ്റ് നിരോധിത പുകയില ഉത്‌പന്നവും 720 മില്ലീലിറ്റർ അളവുള്ള 46 വിദേശമദ്യക്കുപ്പികളും പിടികൂടി. വാനിലുണ്ടായിരുന്ന പന്തല്ലൂർ സ്വദേശികളായ മുഹമ്മദ് (32), സലിം (32) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

കക്കനെല്ല ചെക്പോസ്റ്റിൽ മസിനഗുഡി പോലീസ് നടത്തിയ പരിശോധനയിൽ പച്ചക്കറി കയറ്റിവന്ന വാനിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 128 ലിറ്റർ വിദേശമദ്യം പിടികൂടി. ഗൂഡല്ലൂർ ദേവർഷോല സ്വദേശി സഞ്ജിൻ ദേവ് (29), ഊട്ടി പാർസൽസ് വേലി സ്വദേശി നാരായണൻ എന്നിവരാണ് പോലീസ് പിടിയിലായത്.