ഈറോഡ്: വ്യാജ ആധാരങ്ങള്‍ നല്‍കി ബാങ്കുകളില്‍നിന്നും പണമിടപാട് സ്ഥാപനത്തില്‍നിന്നുമായി 48 ലക്ഷംരൂപ വായ്പയെടുത്ത ദമ്പതിമാര്‍ അറസ്റ്റിലായി ഈറോഡ് ന്യൂ ടീച്ചേര്‍സ് കോളനിയിലെ കാര്‍ത്തിക് (40), ഭാര്യ രാധിക (38)എന്നിവരാണ് അറസ്റ്റിലായത്.

ഈറോഡ് വില്ലരുസന്‍പട്ടിയിലെ കാനറാ ബാങ്ക് ശാഖയില്‍നിന്ന് ഇവര്‍ കാര്‍ വാങ്ങുന്നതിനായി 19 ലക്ഷംരൂപ രാധികയുടെപേരിലുള്ള വ്യജ ആധാരം നല്‍കി ലോണെടുത്തിരുന്നു. എന്നാല്‍ കാര്‍ വാങ്ങിയത് കാര്‍ത്തികിന്റെ പേരിലായിരുന്നു.

കാര്‍ വാങ്ങിയരേഖകള്‍ ഇവര്‍ ബാങ്കില്‍ നല്‍കാതിരുന്നതോടെ രേഖകള്‍ക്കായി ബാങ്കില്‍നിന്ന് ബന്ധപ്പെടുകയുണ്ടായി. ബാങ്ക് ഉദ്യോഗസ്ഥര്‍ വിളിച്ചപ്പോളാണ് ഇവര്‍ കൊടുത്ത ഫോണ്‍നമ്പറും മേല്‍വിലാസവും വ്യാജമാണെന്ന് മനസ്സിലായത്. തുടര്‍ന്ന്, ബാങ്ക് മാനേജര്‍ ഈറോഡ് എസ്.പി. തങ്കദുരക്ക് പരാതിനല്‍കി.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. ചോദ്യംചെയ്തതില്‍ കാര്‍ വാങ്ങുവാനായി സമാനരീതിയില്‍ ദിണ്ടല്‍ ഇന്ത്യന്‍ ഓവര്‍സിസ് ബാങ്കില്‍നിന്ന് 15 ലക്ഷംരൂപയും ഈറോഡിലെ ഒരു പണമിടപാട് സ്ഥാപനത്തില്‍നിന്ന് 14 ലക്ഷംരൂപയും വായ്പ എടുത്തതായി ഇവര്‍ സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു. ഇവര്‍ വാങ്ങിയ രണ്ട് കാറുകളും കൈയിലുണ്ടായിരുന്ന 56,000 രൂപയും പോലിസ് പിടിച്ചെടുത്തു.

Content Highlights: couple arrested in fraud case in erode