മുംബൈ: പതിനാറ് മാസം പ്രായമുള്ള മകളെ കൊലപ്പെടുത്തി മൃതദേഹവുമായി തീവണ്ടിയില്‍ യാത്ര ചെയ്ത ഗുജറാത്ത് സ്വദേശികളായ  ദമ്പതിമാരെ സോലാപുര്‍ റെയില്‍വേ പോലീസ് പിടികൂടി. ഗുജറാത്തിലെ രാജ്‌കോട്ടിലേക്കുള്ള തീവണ്ടിയില്‍നിന്ന് കുട്ടിയുടെ മൃതദേഹവുമായാണ് ഇരുവരും പിടിയിലായത്.

കുട്ടിയുടെ 26 വയസ്സുകാരനായ പിതാവ് കഴിഞ്ഞ മൂന്നിന് സെക്കന്തരാബാദിലെ വീട്ടില്‍ മകളെ ലൈംഗികമായി പീഡിപ്പിക്കുകയും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുറ്റകൃത്യത്തില്‍ അമ്മ കൂട്ടു നിന്നെന്നും പോലീസ് പറയുന്നു.

മൃതദേഹം ജന്മനാട്ടില്‍ സംസ്‌കരിക്കാന്‍ ആഗ്രഹിച്ചതിനാലാണു രാജ്‌കോട്ടിലേക്കുള്ള തീവണ്ടിയില്‍ കയറിയതെന്നു പ്രതികള്‍ മൊഴി നല്‍കി. ഗുജറാത്ത് സ്വദേശികളായ ഇവര്‍ ജോലി തേടി സെക്കന്തരാബാദിലെത്തിയവരാണ്. യാത്രയ്ക്കിടെ കുട്ടിയുടെ അനക്കമൊന്നും കാണാത്തതിനാല്‍ തീവണ്ടിയിലെ ചില യാത്രക്കാര്‍ക്ക് സംശയം തോന്നി ടിക്കറ്റ് എക്‌സാമിനറെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സോലാപുര്‍ റെയില്‍വേ പോലീസിനു വിവരം കൈമാറി. സോലാപുര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇരുവരെയും ഇറക്കി ചോദ്യം ചെയ്തപ്പോഴാണ് കൊടുംക്രൂരതയുടെ ചുരുളഴിഞ്ഞത്.

വൈദ്യപരിശോധനയില്‍ കുട്ടിയുടെ മരണം സ്ഥിരീകരിച്ചു. ദമ്പതിമാര്‍ക്കെതിരെ കൊലപാതകം, പീഡനം എന്നീ വകുപ്പുകള്‍ പ്രകാരവും പോക്‌സോ പ്രകാരവും സോലാപുര്‍ റെയില്‍വേ പോലീസ് കേസെടുത്തു.