സൂറത്ത്: വനിതാ ഡോക്ടറെ വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ ഉപദ്രവിക്കാന്‍ ശ്രമിച്ച ദമ്പതിമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് സൂറത്തിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ചേതന്‍ മെഹത്, ഭാര്യ ഭാവന എന്നിവരെയാണ് ഡോക്ടറുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ തൊട്ടടുത്ത ഫ്‌ളാറ്റില്‍ താമസിക്കുന്ന ഡോ. സഞ്ജീവനി പനിഗര്‍ഹിയാണ് പോലീസില്‍ പരാതി നല്‍കിയത്. 

കൊറോണ വൈറസ് ഭീതിക്കിടെയും സൂറത്ത് ന്യൂ സിവില്‍ ആശുപത്രിയിലെ ഡോക്ടറായ സഞ്ജീവനി സ്ഥിരമായി ആശുപത്രിയില്‍ ഡ്യൂട്ടിക്ക് പോയിരുന്നു. ഡോക്ടര്‍ സ്ഥിരമായി ആശുപത്രിയില്‍ പോകുന്നതിനെ നേരത്തെ ഹൗസിങ് സൊസൈറ്റിയിലെ ചില അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനെതിരെ ഡോക്ടര്‍ ട്വിറ്ററില്‍ പരാതി ഉന്നയിച്ചതോടെ എംഎല്‍എയും പോലീസും സ്ഥലത്തെത്തി മറ്റുള്ളവരെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി. ഇതിനെത്തുടര്‍ന്ന് ഹൗസിങ് സൊസൈറ്റി അംഗങ്ങള്‍ പിന്നീട് എതിര്‍പ്പ് പ്രകടിപ്പിച്ചില്ല. എന്നാല്‍ തൊട്ടടുത്ത് താമസിക്കുന്ന ചേതന്‍ മെഹ്ത കഴിഞ്ഞദിവസം വീണ്ടും മോശമായി പെരുമാറിയെന്നാണ് ഡോക്ടറുടെ പരാതി. 

തന്റെ വീട്ടിലേക്ക് വന്ന ചേതന്‍ മെഹ്തയും ഭാര്യയും താന്‍ പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ട് മോശമായ ഭാഷയില്‍ സംസാരിച്ചെന്നും ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും ഇത് ഫോണില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചപ്പോള്‍ ഫോണ്‍ പിടിച്ചുപറിച്ചെന്നും പരാതിയില്‍ പറയുന്നു. അവര്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ ഫ്‌ളാറ്റ് ഒഴിയേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെയാണ് വനിതാ ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കിയത്. 

Content Highlights: couple arrested after harassing woman doctor in gujarat