കാളികാവ്: അധ്യാപകരില്‍നിന്ന് പണം തട്ടിയെടുത്ത് ഒളിവില്‍പോയ ദമ്പതിമാര്‍ 10 വര്‍ഷത്തിനുശേഷം പിടിയില്‍. പോത്തുകല്‍ സ്വദേശികളായ കൊച്ചുപറമ്പില്‍ ലീലാമ്മ സകറിയ(52), ചേലക്കല്‍ സകറിയ ലൂക്കോസ്(56) എന്നിവരാണ് പിടിയിലായത്. ഡല്‍ഹി ഉത്തര്‍പ്രദേശ് അതിര്‍ത്തി ഗ്രാമമായ ഗാസിയാബാദില്‍നിന്നാണ് ഇവരെ കാളികാവ് പോലീസ് അറസ്റ്റുചെയ്തത്.

2011-ല്‍ ആണ് പുല്ലങ്കോട് പുല്ലങ്കോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ജീവനക്കാരിയായ ലീലാമ്മ, ക്രിസ്തീയ പുരോഹിതനായ ഭര്‍ത്താവ് സക്കറിയ ലൂക്കോസ് എന്നിവര്‍ ചേര്‍ന്ന് അധ്യാപകരുടെ പണം തട്ടിയത്.പുല്ലങ്കോടില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ലീലാമ്മ സ്‌കൂളിലെ അധ്യാപകരുടെ വിശ്വാസം നേടിയെടുത്തു. പണം നിക്ഷേപിച്ചാല്‍ ലാഭവിഹിതം അടക്കം നല്‍കുമെന്ന് വിശ്വസിപ്പിച്ച് ധനസമാഹരണം നടത്തി. ലക്ഷങ്ങള്‍ നല്‍കിയതിന് പുറമെ അധ്യാപികമാരില്‍ ചിലര്‍ 40 പവനിലേറെ സ്വര്‍ണാഭരണവും നിക്ഷേപമായി നല്‍കി.

നിക്ഷേപം തിരിച്ച് നല്‍കേണ്ട ഘട്ടമെത്തിയപ്പോള്‍ ദമ്പതിമാര്‍ കുടുംബസമേതം ഒളിവില്‍പോയി. ലീലാമ്മയ്ക്കും സക്കറിയ ലൂക്കോസിനും എതിരെ കാളികാവ് സ്റ്റേഷനില്‍ നാലുകേസുകളിലായി ഏഴ് അറസ്റ്റ് വാറണ്ട് നിലനില്‍ക്കുന്നുണ്ട്.

വര്‍ഷങ്ങളായി ഒളിവില്‍ കഴിയുന്നവരെ കണ്ടെത്താനായി പ്രത്യേകം രൂപവത്കരിച്ച കാളികാവ് പോലീസ് സ്റ്റേഷനിലെ പോലീസ് സംഘത്തിന് പ്രതികള്‍ ഡല്‍ഹിക്ക് സമീപം ദമ്പതിമാര്‍ ഒളിച്ച് കഴിയുന്നുണ്ടെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥരായ കെ.ടി. ആഷിഫലി, സാനിര്‍ പുതുക്കുടി എന്നിവരാണ് ഒരാഴ്ചനടത്തിയ തിരച്ചിലില്‍ ദമ്പതിമാരെ പിടികൂടിയത്. മഞ്ചേരി കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും റിമാന്‍ഡ് ചെയ്തു.

കാളികാവ് ഇന്‍സ്‌പെകര്‍ ജോഷി ജോസിന്റെ നേതൃത്വത്തില്‍ സൈബര്‍സെല്‍ നടത്തിയ അന്വേഷണവും പ്രതികളെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായി.