ചെന്നൈ: ദമ്പതിമാരെയും മകനെയും അപ്പാർട്ട്മെന്റിൽ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ചെന്നൈ സൗകാർപേട്ടിൽ താമസിക്കുന്ന ദിലീപ് താലീൽ ചന്ദ്(74) ഭാര്യ പുഷ്പ ഭായ്(70) മകൻ ഷിർഷിത്(40) എന്നിവരെയാണ് വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. മരണം സംഭവിച്ച് മണിക്കൂറുകൾ കഴിഞ്ഞതിന് ശേഷമാണ് സംഭവം പുറത്തറിഞ്ഞത്.

ധനകാര്യസ്ഥാപന ഉടമയായ ദിലീപും കുടുംബവും സൗകാർപേട്ടിലെ മൂന്ന് നില അപ്പാർട്ട്മെന്റിൽ താഴത്തെനിലയിലായിരുന്നു താമസം. ബുധനാഴ്ച വൈകിട്ട് ദിലീപിന്റെ മകൾ പിങ്കി മാതാപിതാക്കളെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായിരുന്നില്ല. തുടർന്ന് പിങ്കി ഭർത്താവിനെ അപ്പാർട്ട്മെന്റിലേക്ക് പറഞ്ഞയച്ചു. രാത്രി 7.30-ഓടെ ഇദ്ദേഹം അപ്പാർട്ട്മെന്റിൽ എത്തിയപ്പോളാണ് മൂവരെയും മരിച്ചനിലയിൽ കണ്ടത്.

സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ദിലീപിന്റെ താടിഭാഗത്താണ് വെടിയേറ്റിട്ടുള്ളത്. ഭാര്യയ്ക്ക് നെറ്റിയിലും. ഷിർഷിത്തിന്റെ തലയിൽനിന്നാണ് വെടിയുണ്ട കണ്ടെത്തിയത്. അതേസമയം, വീട്ടിൽനിന്ന് വെടിയൊച്ചകളോ മറ്റ് അസ്വാഭാവിക ശബ്ദങ്ങളോ കേട്ടിരുന്നില്ലെന്നാണ് അപ്പാർട്ട്മെന്റിലെ മറ്റു താമസക്കാർ നൽകിയ മൊഴി. എന്നാൽ, ബുധനാഴ്ച വൈകുന്നേരം അപ്പാർട്ട്മെന്റിന് സമീപം ഒരു അജ്ഞാതൻ എത്തിയിരുന്നതായി സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.

മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന ഷിർഷിത്ത് ഏറെനാളായി ഭാര്യയുമായി വേർപിരിഞ്ഞ് കഴിയുകയാണ്. ഇവരുടെ വിവാഹമോചന കേസ് കോടതിയിൽ നടക്കുന്നുണ്ട്. ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നാണ് വിവരം.

Content Highlights:couple and son shot dead at apartment in chennai