തിരുവല്ല: ഹോംസ്റ്റേകളിലും ഫ്ളാറ്റുകളിലും താമസിച്ച് വ്യാജനോട്ട് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനികൾ പിടിയിലായി. കണ്ണൂർ ചെമ്പേരി തട്ടാപ്പറമ്പിൽ എസ്.ഷിബു (43), ഭാര്യ സുകന്യ (നിമിഷ-31), തട്ടാപ്പറമ്പിൽ എസ്.സജയൻ (35), കൊട്ടാരക്കര ശാന്തിമുക്കത്ത് കോളനി ജവഹർനഗർ എച്ച്.സുധീർ (40) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതിയായ കാഞ്ഞിരപ്പള്ളി പട്ടിമറ്റം തട്ടാപ്പറമ്പിൽ എം.സജി (38)യെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
നാല് ലക്ഷത്തോളം രൂപ, പ്രിന്റർ, രണ്ട് ആഡംബര കാറുകൾ എന്നിവ പിടിച്ചെടുത്തു. ഷിബു, സജയൻ, സജി എന്നിവർ ബന്ധുക്കളാണ്. വ്യാജ നോട്ട് നിർമിച്ച് ഒരു ലക്ഷം രൂപ വാങ്ങി മൂന്ന് ലക്ഷം രൂപയുടെ വ്യാജനോട്ടുകൾ കൈമാറുകയാണ് പ്രതികളുടെ രീതി. 2000, 500 രൂപയുടെ നോട്ടുകളാണ് പ്രധാനമായും വ്യാജമായി നൽകുന്നത്. യഥാർഥ നോട്ടിൽ രാസവസ്തുക്കൾ ചേർത്ത് കറുപ്പ് നിറമാക്കും. പിന്നീട് ഇത് മറ്റൊരു രാസവസ്തു ചേർത്ത് ഉരച്ചാൽ നിറംമാറി പഴയമട്ടിലാകും. ഇടപാടുകാരെ ആദ്യം ഇക്കാര്യം ബോധ്യപ്പെടുത്തും. ഇടപാട് ഉറപ്പിച്ചാൽ യഥാർഥ നോട്ടുകൾ കുറേയെണ്ണം ആദ്യവും അവസാനവും വെച്ചശേഷം ഇടയ്ക്ക് മുഴുവൻ വെറും കറുത്ത പേപ്പറുകൾവെച്ചുള്ള കെട്ട് കൈമാറും. മുഴുവൻ നോട്ടുകളും പരിശോധിക്കാനുള്ള അവസരം ഉണ്ടാക്കില്ല. കെണിയിൽ അകപ്പെടുന്നവർക്ക് പരാതിപ്പെടാനുമാകില്ല.
യഥാർഥനോട്ടുകളുടെ കളർപ്രിന്റുകൾ എടുത്ത് അവയുടെ വീഡിയോ അയച്ചാണ് ഇടപാടുകാരെ വലയിലാക്കുന്നത്. കളർ പ്രിന്റുകൾ ഇത്തരം വീഡിയോകൾക്ക് മാത്രമാണ് ഉപയോഗിക്കുന്നത്. വലയിലായവർക്ക് കൈമാറുന്നത് ഏതാനും കറുപ്പുനിറം വരുത്തിയ നല്ലനോട്ടുകളും ബാക്കി അതേ കട്ടിയിലുള്ള കറുത്ത പേപ്പറും മാത്രമാകും. സംസ്ഥാനം ഒട്ടാകെ ഇവർ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി.സൈമൺ പറഞ്ഞു.
ഒരുസ്ഥലത്തും സ്ഥിരമായി താമസിക്കില്ല. ആഡംബര ജീവിതമാണ് ഷിബുവും കുടുംബവും നയിച്ചിരുന്നത്. സമാനമായ സംഭവങ്ങളിൽ ചങ്ങരംകുളം, പെരിന്തൽമണ്ണ, കണ്ണൂർ, പൊന്നാനി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ ഷിബുവും ഭാര്യയും പ്രതികളാണ്. 26-ാമത്തെ വയസ്സിൽ കർണാടകത്തിൽ നിന്നാണ് വ്യാജനോട്ട് തട്ടിപ്പ് ഷിബു പഠിച്ചത്. തിരുവല്ല കുറ്റപ്പുഴയിലെ ഹോംസ്റ്റേയിൽ കഴിഞ്ഞയിടെ സംഘം താമസിച്ചിരുന്നു. ഇവർ മടങ്ങിയശേഷം ഹോംസ്റ്റേ ഉടമയ്ക്ക് ഇവിടെനിന്നു ലഭിച്ച നോട്ട് അച്ചടിക്കാൻ ഉപയോഗിച്ച കടലാസുകളുടെ കഷണങ്ങളാണ് പ്രതികളിലേക്ക് വഴിതുറന്നത്.
Content Highlights:couple and relatives arrested in counterfeit note case thiruvalla