ചെന്നൈ: വിവാഹവാര്‍ഷികത്തിന് ആശീര്‍വാദം വാങ്ങാനെന്ന വ്യാജേന വിളിച്ചുവരുത്തി വയോധികനെ കൊള്ളയടിച്ച ദമ്പതിമാരടക്കം നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പുഴുതിവാക്കം ബാലാജി നഗറില്‍ താമസിക്കുന്ന വി. സ്വാമിനാഥനെയാണ് (75) കൊള്ളയടിച്ചത്. ടാന്‍ജെഡ്കോയില്‍നിന്ന് വിരമിച്ച ഇദ്ദേഹം തനിച്ചാണ് താമസിച്ചിരുന്നത്.

സംഭവത്തില്‍ ഇയാളുടെ അയല്‍വാസികളായിരുന്ന തിരുനെല്‍വേലി സ്വദേശി ദിനേശ് (29), ഭാര്യ നൂര്‍ സഫ (23), ഐസക് (31), പ്രഭു (24) എന്നിവരാണ് അറസ്റ്റിലായത്. സ്വാമിനാഥന്റെ എതിര്‍വീട്ടില്‍ താമസിച്ചിരുന്ന പ്രതികള്‍ ദിനേശിന്റെ വിവാഹവാര്‍ഷികച്ചടങ്ങില്‍ ആശീര്‍വദിക്കാന്‍ എത്തണമെന്ന് സ്വാമിനാഥനെ ക്ഷണിച്ചിരുന്നു. ഇതുവിശ്വസിച്ച് അവരുടെ വീട്ടിലെത്തിയപ്പോള്‍ പ്രതികള്‍ ചേര്‍ന്ന് സ്വാമിനാഥനെ മര്‍ദിക്കുകയും കെട്ടിയിടുകയുമായിരുന്നു. പിന്നീട് വീടിന്റെ താക്കോല്‍ കൈക്കലാക്കി ആറുലക്ഷംരൂപയും മൊബൈല്‍ ഫോണും കവര്‍ന്ന് രക്ഷപ്പെട്ടു.

പിന്നീട് മറ്റ് അയല്‍ക്കാര്‍ എത്തിയാണ് സ്വാമിനാഥനെ ആശുപത്രിയിലാക്കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് ബെംഗളൂരുവില്‍നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.