ഇടുക്കി: ഉപ്പുതറയില്‍ 12 ലക്ഷത്തിലേറെ രൂപയുടെ കള്ളനോട്ട് വേട്ട. സംഭവത്തില്‍ കൊല്ലം അറയ്ക്കല്‍ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം തടിയ്ക്കാവുള്ള എ.കെ.എം. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ മാനേജര്‍ കൂടിയായ ഹനീഫ് ഫിറോസാണ് അറസ്റ്റിലായത്. ആകെ 12,58000 രൂപയുടെ കള്ളനോട്ടുകള്‍ ഇയാളില്‍നിന്ന് പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു. 

ആദ്യഭാര്യയിലുണ്ടായ കുട്ടിയെ പൊള്ളലേല്‍പ്പിച്ച കേസില്‍ പിടിയിലായതോടെയാണ് ഹനീഫ് ഫിറോസിന്റെ കള്ളനോട്ട് നിര്‍മാണത്തെക്കുറിച്ചും ചുരുളഴിയുന്നത്. തുടര്‍ന്ന് ഉപ്പുതറ മാട്ടുത്താവളത്തെ വീട്ടില്‍നിന്ന് 15900 രൂപയുടെ കള്ളനോട്ടുകളും നിര്‍മാണത്തിനിടെ നശിച്ച കടലാസുകളും കണ്ടെടുത്തു. 

ഇതിനുപിന്നാലെ ഹനീഫ് പണയത്തിനെടുത്ത് നടത്തിയിരുന്ന കുമളിയിലെ ഹോംസ്‌റ്റേയില്‍നിന്ന് നോട്ടടി യന്ത്രവും വാഗമണില്‍ ഇയാള്‍ താമസിച്ചിരുന്ന ഹോംസ്‌റ്റേയില്‍നിന്ന് 12 ലക്ഷത്തിലേറെ രൂപയുടെ കള്ളനോട്ടുകളും പിടിച്ചെടുത്തു. സംഭവത്തില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. 

Content Highlights: counterfeit notes worth 12 lakhs seized in idukki