കൊടുങ്ങല്ലൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച യുവാവില്‍നിന്ന് 1,78,500 രൂപയുടെ കള്ളനോട്ട് പിടികൂടി.

മേത്തല കോന്നംപറമ്പില്‍ ജിത്തുവിന്റെ (33) പക്കല്‍നിന്നുമാണ് പണം കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ ഇയാള്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ്. 

ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കരൂപ്പടന്നയില്‍ സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ചാണ് ഇയാള്‍ക്ക് പരിക്കേറ്റത്. കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ എത്തിച്ച ഇയാളെ ഡോക്ടര്‍ ദേഹപരിശോധന നടത്തുന്നതിനിടെയാണ് പണം കണ്ടെത്തിയത്. പോലീസ് പണം കസ്റ്റഡിയിലെടുത്തു. 500 രൂപയുടെ നോട്ടുകളാണ് കൈവശമുണ്ടായിരുന്നത്. ഇയാളുടെ പേരില്‍ കേസെടുത്ത് ആശുപത്രിയില്‍ നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു.