ബെയ്ജിങ്: കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നതിനിടെ അവശ്യവസ്തുക്കള്‍ കൊള്ളയടിക്കുന്നതും ഹോങ്കോങ്ങില്‍ പതിവാകുന്നു. തിങ്കളാഴ്ച ഹോങ്കോങ്ങിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍വെച്ച് ആയുധധാരികളായ കവര്‍ച്ചക്കാര്‍ കെട്ടുക്കണക്കിന് ടോയ്‌ലെറ്റ് പേപ്പറുകള്‍ കവര്‍ന്നു. സൂപ്പര്‍മാര്‍ക്കറ്റില്‍ പുതുതായി വില്‍പ്പനയ്ക്ക് എത്തിച്ച ടോയ്‌ലെറ്റ് പേപ്പറുകളാണ് സെയില്‍സ്മാനെ ഭീഷണിപ്പെടുത്തി കവര്‍ച്ചക്കാര്‍ കൊള്ളയടിച്ചത്. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും കവര്‍ച്ച ചെയ്ത ടോയ്‌ലെറ്റ് പേപ്പറുകളില്‍ ഭൂരിഭാഗവും കണ്ടെടുത്തായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഹോങ്കോങ്ങിലെ മോങ്കോക്കിലാണ് കവര്‍ച്ച നടന്നത്. സൂപ്പര്‍മാര്‍ക്കറ്റിലേക്കുള്ള ടോയ്‌ലെറ്റ് പേപ്പര്‍ കെട്ടുകള്‍ വാഹനത്തില്‍നിന്ന് ഇറക്കുന്നതിനിടെ ആയുധധാരികളായ സംഘം ഇരച്ചെത്തുകയും ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുകയുമായിരുന്നു. 600 ടോയ്‌ലെറ്റ് പേപ്പര്‍ കെട്ടുകളാണ് ഇവര്‍ കവര്‍ച്ച ചെയ്തത്. ഇതിന് 1695 ഹോങ്കോങ് ഡോളര്‍(ഏകദേശം 15580 രൂപ) വിലവരുമെന്നാണ് റിപ്പോര്‍ട്ട്. 

കൊറോണയുടെ പശ്ചാത്തലത്തില്‍ ഹോങ്കോങ്ങിലെ സൂപ്പര്‍മാര്‍ക്കറ്റുകളിലെല്ലാം അവശ്യവസ്തുക്കളുടെ കുറവ് അനുഭവപ്പെട്ടിരുന്നു. ടോയ്‌ലെറ്റ് പേപ്പറുകള്‍ പോലുള്ള വസ്തുക്കള്‍ പുതിയ സ്റ്റോക്ക് എത്തിയാല്‍ വന്‍തോതില്‍ വാങ്ങിവെക്കുന്നതും പതിവായി. ഇതോടെ പലയിടത്തും ടോയ്‌ലെറ്റ് പേപ്പറുകള്‍ക്ക് ക്ഷാമം അനുഭവപ്പെട്ടു. അതേസമയം, അവശ്യവസ്തുക്കള്‍ കിട്ടാനില്ലെന്ന പ്രചാരണം ശരിയല്ലെന്നും ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്നുമാണ് അധികൃതരുടെ അഭ്യര്‍ഥന. 

കൊറോണയെ തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍ ഭക്ഷ്യവസ്തുക്കള്‍ക്ക് പുറമേ ടോയ്‌ലെറ്റ് പേപ്പറുകള്‍, ഫെയ്‌സ്മാസ്‌ക്കുകള്‍, ഹാന്‍ഡ് സാനിറ്റൈസെറുകള്‍ തുടങ്ങിയവ വന്‍തോതിലാണ് വാങ്ങിസൂക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ പലയിടത്തും ഇവയ്‌ക്കെല്ലാം ക്ഷാമം അനുഭവപ്പെടുന്നുണ്ട്. 

Content Highlights: coronavirus; armed robbers steal toilet papers in hong kong