വാഷിങ്ടണ്‍: കൊറോണ ഭീതിക്കിടെ ജോലിയും നഷ്ടമായ യുവാവ് കാമുകിക്ക് നേരേ വെടിവെച്ച ശേഷം സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. യുഎസിലെ പെന്‍സില്‍വാനിയയില്‍ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. 

റോഡ്രിക്ക് ബ്ലിസ് എന്ന 38 വയസ്സുകാരനാണ് കാമുകിക്ക് നേരേ നിറയൊഴിച്ച ശേഷം ജീവനൊടുക്കിയത്. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ കാമുകിയായ 48 വയസ്സുകാരിയെ പോലീസെത്തി സെന്റ് ലൂക്ക്‌സ് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവർ ആരോഗ്യനില വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷയെന്നും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചതായി ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കൊറോണ വൈറസിനെക്കുറിച്ചും അടുത്തിടെ ജോലി നഷ്ടമായത് സംബന്ധിച്ചും റോഡ്രിക് ഏറെ അസ്വസ്ഥനായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവദിവസം കാമുകിക്കൊപ്പം വീടിന്റെ പുറകുവശത്ത് എത്തിയ റോഡ്രിക് താന്‍ ദൈവത്തോട് സംസാരിച്ചെന്നും അതുകൊണ്ടാണ് ഇതെല്ലാം ചെയ്യാന്‍ പോകുന്നതെന്നും പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ത്തത്. വെടിവെപ്പ് തുടങ്ങിയതോടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച കാമുകിക്ക് നേരേ നാലുതവണ ഇയാള്‍ വെടിയുതിര്‍ത്തു. ഇതില്‍ ഒരു വെടിയുണ്ട മാത്രമാണ് സ്ത്രീയുടെ ദേഹത്ത് പതിച്ചത്. തൊട്ടുപിന്നാലെ റോഡ്രിക് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കുകയായിരുന്നു. 

ഇയാളുടെ വീട്ടില്‍നിന്നും വെടിയൊച്ച കേട്ട പ്രദേശവാസികളാണ് വിവരം പോലീസില്‍ അറിയിച്ചത്. പോലീസെത്തിയപ്പോള്‍ ഇരുവരും ചോരയില്‍ കുളിച്ചുകിടക്കുകയായിരുന്നു. റോഡ്രിക് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു. 

Content Highlights: corona virus scare and job lost; man shoots girl friend before killing self in usa