പൂണെ: രാജ്യത്ത് കൂടുതല്‍ കൊറോണ വൈറസ് ബാധ (കോവിഡ്-19) റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ മുഖാവരണങ്ങള്‍ക്കും (ഫെയ്‌സ്മാസ്‌ക്ക്) ആവശ്യക്കാര്‍ വര്‍ധിച്ചിരിക്കുകയാണ്. മുന്‍കരുതലെന്നനിലയിലാണ് മിക്കവരും മുഖാവരണം വാങ്ങി ഉപയോഗിക്കുന്നത്. ഇതിനിടെയാണ് ആവശ്യക്കാര്‍ വര്‍ധിച്ചതോടെ മുഖാവരണങ്ങള്‍ മോഷ്ടിച്ച ഫാര്‍മസിസ്റ്റിനെ പിടികൂടിയെന്ന വാര്‍ത്തയും പുറത്തുവരുന്നത്. 

പൂണെയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഫാര്‍മസിസ്റ്റായ സുയാഷ് പന്ധാരെ (28)യെയാണ് മുഖാവരണങ്ങളും മരുന്നുകളും മോഷ്ടിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്. ആശുപത്രി ഫാര്‍മസിയില്‍ സൂക്ഷിച്ചിരുന്ന എന്‍-95 മുഖാവരണങ്ങളും ചില മരുന്നുകളും ഓയിന്‍മെന്റുകളുമാണ് സുയാഷ് കഴിഞ്ഞദിവസം മോഷ്ടിച്ചതെന്ന് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു. 

ഞായറാഴ്ച രാവിലെയാണ് ആശുപത്രി അധികൃതര്‍ മോഷണവിവരമറിഞ്ഞത്. ഞായറാഴ്ച രാവിലെ ഫാര്‍മസി സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പുതന്നെ സുയാഷിനെ ഇവിടെ കണ്ടിരുന്നതായി ജീവനക്കാര്‍ പറഞ്ഞിരുന്നു. കൈയില്‍ വലിയ കവറുകളുമായാണ് ഇയാളെ കണ്ടതെന്നും ചോദിച്ചപ്പോള്‍ രാത്രി ഷിഫ്റ്റ് കഴിഞ്ഞ് പോവുകയാണെന്നാണ് പറഞ്ഞതെന്നും ഇവര്‍ മൊഴി നല്‍കി.

ഇതിനുപിന്നാലെ ഫാര്‍മസി സ്റ്റോറിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതോടെയാണ് മോഷണം നടന്നതായി കണ്ടെത്തിയത്.  തുടര്‍ന്ന് ആശുപത്രി അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മരുന്നുകളും മുഖാവരണങ്ങളും അടക്കം 35000 രൂപയുടെ സാധനങ്ങളാണ് ഫാര്‍മസി സ്റ്റോറില്‍നിന്ന് മോഷണം പോയതെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

Content Highlights: corona virus; pharmacist arrested in pune for stealing face masks and medicines