ബെംഗളൂരു: കോവിഡ് തീവ്ര ആഘാത മേഖലയില്‍ വിലക്കു ലംഘിച്ച് തുറന്ന കടകള്‍ അടയ്ക്കാനെത്തിയ കൗണ്‍സിലര്‍ക്കും സംഘത്തിനും നേരെ കച്ചവടക്കാരുടെ ചാണകമേറ്. കൗണ്‍സിലര്‍ക്കും കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്കുമെതിരെ സംഘം ചേര്‍ന്ന കച്ചവടക്കാരെ പോലീസ് വിരട്ടിയോടിക്കുകയായിരുന്നു. സംഭവത്തില്‍ ഏഴു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

കലാശിപാളയ മാര്‍ക്കറ്റില്‍ ചൊവ്വാഴ്ചയാണ് കൗണ്‍സിലര്‍ പ്രതിഭ ധന്‍രാജിനെതിരേ കച്ചവടക്കാര്‍ ചാണകമെറിഞ്ഞത്. തീവ്ര ആഘാത പ്രദേശമായ ഇവിടെ നിര്‍ദേശങ്ങള്‍ ലംഘിച്ച് കടകള്‍ തുറന്നുവെന്ന വിവരം ലഭിച്ചതോടെയാണ് കോര്‍പ്പറേറ്ററും സംഘവുമെത്തിയത്. തുടര്‍ന്ന് കടകള്‍ അടച്ചിടാന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍ ഇതു വിസമ്മതിച്ച കച്ചവടക്കാര്‍ കോര്‍പ്പറേറ്ററുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. 14 ദിവസമായി പ്രദേശത്ത് പുതിയ രോഗികളൊന്നുമില്ലെന്ന് കച്ചവടക്കാര്‍ ചൂണ്ടിക്കാട്ടി.

തീവ്ര ആഘാത മേഖലയല്ലെന്ന് പ്രഖ്യാപിക്കുന്നതുവരെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന തീരുമാനത്തില്‍ കൗണ്‍സിലര്‍ ഉറച്ചുനിന്നതോടെ കച്ചവടക്കാര്‍ റോഡില്‍നിന്ന് ചാണകം വാരിയെറിയുകയായിരുന്നു. കൗണ്‍സിലറുടെ ഭര്‍ത്താവും പ്രാദേശിക നേതാവുമായ ധന്‍രാജിനും ചാണകം കൊണ്ടുള്ള ഏറേറ്റു. പിന്നീട് പോലീസ് ഇടപെട്ട് പ്രദേശത്തെ മുഴുവന്‍ കടകളും അടപ്പിച്ചു.

Content Highlights: corona virus lockdown; merchants thrown cow dung against officials