ന്യൂയോര്‍ക്ക്: തടവുകാരില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ യുഎസിലെ സൗത്ത് ഡക്കോട്ടയിലെ ജയിലില്‍നിന്ന് വനിതാ തടവുകാര്‍ രക്ഷപ്പെട്ടു. ഒമ്പത് സ്ത്രീകളാണ് ജയിലില്‍നിന്ന് രക്ഷപ്പെട്ടതെന്നും ഇവരില്‍ മൂന്നുപേരെ പിടികൂടിയെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ഷന്‍സ് അറിയിച്ചു. അതേസമയം, ആറുപേരെ ഇതുവരെ കണ്ടെത്താനായില്ലെന്നും അധികൃതര്‍ പറഞ്ഞു. 

കഴിഞ്ഞദിവസമാണ് തടവുകാരില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മറ്റുതടവുകാരില്‍ ഭയവും ആശങ്കയും വര്‍ധിച്ചിരുന്നു. ഇതിനിടെയാണ് ഒമ്പത് സ്ത്രീകള്‍ ജയിലില്‍നിന്ന് രക്ഷപ്പെട്ടത്. 

ജയിലില്‍നിന്ന് കടന്നുകളഞ്ഞവരുടെ പേരും മറ്റുവിവരങ്ങളും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. ജയില്‍ ചാടിയതിന് ഇവര്‍ക്കെതിരെ കേസെടുക്കുമെന്നും അഞ്ചുവര്‍ഷം കൂടി തടവ് അനുഭവിക്കേണ്ടിവരുമെന്നും അധികൃതര്‍ പറഞ്ഞു. 

Content Highlights: corona scare; nine prisoners escaped from us jail