പാലക്കാട്: ചോദ്യംചെയ്യുന്നതിനിടെ പ്രതി ഓടി, പിന്നാലെ പോലീസും. നഗരത്തില്‍ തലങ്ങും വിലങ്ങും പൊലീസ് ഓടുന്നതുകണ്ട് പിന്നാലെ നാട്ടുകാരും കൂടി. ഒടുവില്‍ മണിക്കൂറുകള്‍ക്കുശേഷം പ്രതി പിടിയില്‍.

Arrestകൊല്ലം സ്വദേശി ശ്യാംകുമാര്‍ (32) ആണ് വെള്ളിയാഴ്ച ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍നിന്ന് ചോദ്യംചെയ്യുന്നതിനിടെ രക്ഷപ്പെടാന്‍ നോക്കിയത്. ഒരുമണിയോടെയാണ് സംഭവം. 

കൊല്ലത്തും പാലക്കാട്ടും നിരവധി കേസുകളില്‍ പ്രതിയായ ഇയാള്‍ മാങ്കാവിലുള്ള ഭാര്യവീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിലെടുത്തത്. സൗത്ത് പോലീസ് സ്റ്റേഷനിലെ മുകള്‍നിലയില്‍ ചോദ്യംചെയ്യുന്നതിനിടെ വെള്ളംകുടിക്കണമെന്നാവശ്യപ്പെട്ടു. വെള്ളംകുടിക്കാനായി താഴേക്ക് പോകുമ്പോള്‍ കാലിന് വേദനയഭിനയിച്ച് വേച്ചുവേച്ചാണ് നടന്നത്. താഴെയെത്തി പൊലീസുകാരുടെ കണ്ണുവെട്ടിച്ച് ഓടുകയായിരുന്നു. 

പോലീസ് പിന്തുടര്‍ന്നെങ്കിലും മണിക്കൂറുകളോളം യുവാവ് നഗരത്തില്‍ തലങ്ങും വിലങ്ങും ഓടി. പോലീസുകാര്‍ ഓടുന്നതുകണ്ട് നാട്ടുകാരും ഒപ്പംകൂടി. അരിക്കാരത്തെരുവിലെ ആള്‍താമസമില്ലാത്ത വീടിനുപിറകില്‍ ഒളിക്കുന്നതിനിടെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടുകയായിരുന്നു.

Content highlights: Kollam, Police station, Crime news