കാഞ്ഞങ്ങാട്: തീവണ്ടിയില്‍ നിന്നിറങ്ങുന്നതിനിടെ പോലീസുകാരെ തള്ളിയിട്ട് റിമാന്‍ഡ് പ്രതി ഓടിരക്ഷപ്പെട്ടു. കാഞ്ഞങ്ങാട് ബല്ലാക്കടപ്പുറത്തെ ഷംസീര്‍ (20) ആണ് രക്ഷപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.

convict
പ്രതീകാത്മക ചിത്രം

കാഞ്ഞങ്ങാട്ടെ ജില്ലാ ജയിലിലെ റിമാന്‍ഡ് തടവുകാരനാണ് ഇയാള്‍. മറ്റൊരു കേസില്‍ വടകര കോടതിയില്‍ ഹാജരാക്കി കോയമ്പത്തൂര്‍ പാസഞ്ചറില്‍ കാഞ്ഞങ്ങാട്ട് തിരിച്ചെത്തിയതായിരുന്നു. രണ്ടാംനമ്പര്‍ പ്ലാറ്റ്ഫോമിലിറങ്ങിയ ഉടന്‍ ഒപ്പമുണ്ടായിരുന്ന കാസര്‍കോട് എ.ആര്‍. ക്യാമ്പിലെ പോലീസുകാരെ തള്ളിയിട്ട് പടിഞ്ഞാറുഭാഗത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. തലകറക്കം അനുഭവപ്പെടുന്നുവെന്നുപറഞ്ഞപ്പോള്‍ ബര്‍ത്തില്‍ കിടക്കാനായി കൈയിലെ വിലങ്ങ് അഴിച്ചിരുന്നുവെന്നാണ് പോലീസുകാര്‍ നല്‍കുന്ന മൊഴി.

തീവണ്ടിയില്‍ നിന്നിറങ്ങുന്നതിന് മുന്‍പേ വിലങ്ങ് അണിയിച്ചതുമില്ല. ഈ സൗകര്യം മുതലെടുത്താണ് പ്രതി പോലീസുകാരെ തള്ളിമാറ്റിയത്. ഹൊസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ സി.കെ.സുനില്‍കുമാര്‍, അഡീ. എസ്.ഐ. പി.വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് തീരദേശമേഖലയുള്‍പ്പെടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഒരുമാസം മുന്‍പാണ് വാഹനമോഷണക്കേസില്‍ ഷംസീറിനെയും കൂട്ടുപ്രതി ആവിക്കരയിലെ മുഹമ്മദ് ആഷിക്കിനേയും ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റുചെയ്തത്. അതിഞ്ഞാലിലെ വര്‍ക്ക്ഷോപ്പില്‍നിന്ന് കാറുകള്‍ മോഷ്ടിച്ച കേസിലായിരുന്നു അറസ്റ്റ്. വര്‍ക്ക്ഷോപ്പിലെ സി.സി.ടി.വി.യില്‍നിന്ന് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. ഇയാള്‍ കണ്ണൂരിലെ ഒരു കൊലപാതകക്കേസിലും പ്രതിയാണ്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയപ്പോഴാണ് വാഹനങ്ങള്‍ മോഷ്ടിച്ചത്. മോഷ്ടിച്ച വാഹനങ്ങളില്‍ കഞ്ചാവ് കടത്തുകയാണ് ചെയ്യുന്നത്. ഓരോയിടത്തും കഞ്ചാവ് കടത്തിക്കഴിഞ്ഞ് വാഹനം ഉപേക്ഷിക്കും. കൂട്ടുപ്രതി മുഹമ്മദ് ആഷിക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.