ചങ്ങനാശ്ശേരി: കഞ്ചാവുമായി കഴിഞ്ഞ ദിവസം ചിങ്ങവനം പോലീസ് അറസ്റ്റുചെയ്ത വെള്ളിത്തുരുത്തി കുന്നേല്‍ ആഷ്ലി സോമന്‍(മോനിച്ചന്‍-39) ന്റെ പേരില്‍ 14 ഓളം കേസ്സുകള്‍.

ganjaനിലവില്‍ ഗാന്ധിനഗര്‍, കോട്ടയം ഈസ്റ്റ്, ഏറ്റുമാനൂര്‍ സ്റ്റേഷനുകളില്‍ വീടുകയറി ആക്രമണം നടത്തിയ മൂന്നുകേസ്സിലെ പിടികിട്ടാപ്രതിയാണ് മോനിച്ചന്‍. ചെങ്ങളം സ്വദേശിയായ അജിന്റെ കാര്‍ വാടകയ്ക്കെടുത്ത് കമ്പത്തുനിന്നും മറ്റുമാണ് മോനിച്ചന്‍ കഞ്ചാവ് എത്തിക്കുന്നത്. 

ചെറിയ പൊതികളാക്കി വിദ്യാര്‍ഥികള്‍ക്കുള്‍പ്പെടെ കഞ്ചാവ് വിതരണം ചെയ്യുന്ന മോനിച്ചന്‍ കോട്ടയം ജില്ലയിലെ കഞ്ചാവ് വില്പനക്കാരിലെ പ്രധാന കണ്ണിയാണെന്നും പോലീസ് പറഞ്ഞു. ചിങ്ങവനം സ്റ്റേഷന്റെ കീഴില്‍ ഏഴോളം കേസ്സുകളാണ് മോനിച്ചന്റെ പേരിലുള്ളത്.

2011ല്‍ കഞ്ചാവ് വില്പന ചോദ്യംചെയ്ത അയല്‍വാസിയായ കുമാറിനെ കുത്തികൊലപ്പെടുത്തിയ കേസ്സിലും എക്സൈസ് സംഘത്തിനു നേരെ കുരുമുളക് സേപ്ര അടിച്ച് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതുള്‍പ്പെടെ, അടിപിടി, കഞ്ചാവ് കേസ്സുകളിലെ പ്രതിയാണ് ഇയാള്‍.

കഴിഞ്ഞ ദിവസം ചിങ്ങവനം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും 13 ഗ്രാം കഞ്ചാവുമായിട്ടാണ് പൊലീസ് ഇയാളെ പിടികൂടിയത്. 

തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ കുടമാളൂരില്‍ ഇയാളുടെ അമ്മ വാടകയ്ക്കു താമസിക്കുന്ന വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇവിടെ നിന്ന് 700 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു.

ജില്ലാ പൊലീസ് മേധാവി പി.രാമചന്ദ്രനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചങ്ങനാശ്ശേരി സി.ഐ. ബിനു വര്‍ഗീസിന്റെ നേതൃത്വത്തില്‍ ചിങ്ങവനം എസ്.ഐ. എം.എസ്.ഷിബു, എ.എസ്.ഐ.മാരായ തോമസ് ജോണ്‍, വിജയകുമാര്‍, ഷാഡോ പോലീസ് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്. മോനിച്ചനെ കോടതിയില്‍ ഹാജരാക്കി.