വയനാട്: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പ്ളസ് വണ്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. മൂഴിമല സ്വദേശിയും ബത്തേരിയിലെ സ്വകാര്യസ്ഥാപനത്തിലെ വിദ്യാര്‍ഥിയുമായ വിമലിനെ(19) ആണ് ഞായറാഴ്ച പുല്പള്ളി പോലീസ് അറസ്റ്റുചെയ്തത്. 

arrestപുല്പള്ളി സ്വദേശിയായ വിദ്യാര്‍ഥിനിയെ ഒരു വര്‍ഷത്തോളമായി വിമല്‍ പ്രണയാഭ്യര്‍ഥന നടത്തി ശല്യംചെയ്തിരുന്നതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറഞ്ഞു. പെണ്‍കുട്ടി സ്‌കൂളില്‍പോകുമ്പോഴും വരുമ്പോഴും പ്രതി ശല്യപ്പെടുത്തിയിരുന്നതായി പറയുന്നു. 

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് പ്രതി ടൗണില്‍വെച്ച് പെണ്‍കുട്ടിയുടെ മുഖത്തടിക്കുകയും ഇതേക്കുറിച്ച് ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സപ്തംബര്‍ ഏഴിന് പോലീസില്‍ പരാതിനല്‍കിയിരുന്നു. ഇതിനുശേഷവും പ്രതി ശല്യം ചെയ്യാറുണ്ടായിരുന്നു. 

രണ്ടുതവണ പെണ്‍കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചു. ബുധനാഴ്ച വീടിനുസമീപത്തുവെച്ച് പെണ്‍കുട്ടിയെ ബ്ളേഡുപയോഗിച്ച് ആക്രമിക്കുകയും മര്‍ദിക്കുകയുംചെയ്തു. കൈത്തണ്ടയ്ക്ക് പരിക്കേറ്റ പെണ്‍കുട്ടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സതേടി.