ആലുവ: ഒളിസങ്കേതം മാറി മാറി രക്ഷപ്പെട്ടിരുന്ന കുത്തുകേസ് പ്രതി എടത്തല പോലീസിന്റെ പിടിയിലായി. ഭാര്യയുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലീലസന്ദേശം അയച്ചത് ചോദ്യംചെയ്ത യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ആലുവ നാലാംമൈല്‍ സ്വദേശി മാഹിന്‍ (38) ആണ് പിടിയിലായത്. പെരുമ്പാവൂര്‍ വല്ലത്തുള്ള ബന്ധുവീട്ടില്‍ നിന്ന് ഞായറാഴ്ച പുലര്‍ച്ചെ എടത്തല എസ്.ഐ സ്റ്റെപ്റ്റോ ജോണും സംഘവും മാഹിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

murderകാലടി ഓണമ്പിള്ളിയിലെ, ഭാര്യാസഹോദരന്റെ വീട്ടില്‍ നിന്ന് കഴിഞ്ഞദിവസം മാഹിന്‍ പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് ഇയാള്‍ വല്ലത്തെ ബന്ധുവീട്ടിലാണ് അഭയം തേടിയത്. വല്ലത്തെ നാല് വീടുകളില്‍ ഇയാള്‍ എത്താന്‍ സാധ്യതയുണ്ടെന്ന് പോലീസ് മനസ്സിലാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മാഹിനെ കണ്ടെത്തിയത്. 

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ആലുവ നഗരസഭയുടെ നാലാം മൈലിലെ ഡമ്പിങ് യാര്‍ഡിന് സമീപം വച്ചാണ് നാലാംമൈല്‍ പാലയ്ക്കല്‍ ഷിഹാബിനെ (40) കുത്തി പരിക്കേല്‍പ്പിച്ചത്. കുത്തുകൊണ്ട് പരിക്കേറ്റ ഷിഹാബിന്റെ വലതുകാല്‍ തളര്‍ന്നുപോയി. ഇയാള്‍ ഇപ്പോഴും ചുണങ്ങംവേലി രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്. ഷിഹാബിന്റെ ഭാര്യയോട് പ്രതി മോശമായി പെരുമാറുകയും അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ രണ്ടുവര്‍ഷം മുമ്പ് സംഘര്‍ഷം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കത്തിക്കുത്ത് നടന്നത്. മാഹിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

Content highlights: Crime news, Aluva, Police