സേലം: കണ്ടെയ്നർ ലോറി തട്ടിയെടുത്ത് 15 കോടി രൂപ വിലവരുന്ന മൊബൈൽ ഫോണുകൾ കവർന്നു. ചെന്നൈയിൽനിന്ന് മുംബൈയിലേക്ക് റെഡ്മി മൊബൈൽ ഫോണുകളുമായി പോയ ലോറിയാണ് കൊള്ളയടിച്ചത്. തമിഴ്നാട്ടിലെ കൃഷ്ണഗിരിക്ക് സമീപം ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. തട്ടിയെടുത്ത ലോറി പിന്നീട് മറ്റൊരു സ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തു.

ചെന്നൈയിലെ റെഡ്മി പ്ലാന്റിൽനിന്ന് മുംബൈയിലേക്ക് മൊബൈൽ ഫോണുകളുമായി പോവുകയായിരുന്നു ലോറി. ഏകദേശം 14500 മൊബൈൽ ഫോണുകളാണ് കണ്ടെയ്നറിലുണ്ടായിരുന്നത്. ഡ്രൈവർക്ക് പുറമേ ക്ലീനറും ലോറിയിലുണ്ടായിരുന്നു.

ചെന്നൈ-ബെംഗളൂരു ഹൈവേയിൽ പുലർച്ചെ രണ്ട് മണിയോടെയാണ് സിനിമാസ്റ്റൈൽ കവർച്ച നടന്നത്. ഒരു കാർ ലോറിക്ക് കുറുകെ നിർത്തിയിട്ടായിരുന്നു കവർച്ച. കാർ മുന്നിൽവന്നതോടെ ലോറി റോഡിൽ നിർത്തി. തുടർന്ന് കാറിലുണ്ടായിരുന്നവർ ലോറിയിൽ കയറി ഡ്രൈവറെയും ക്ലീനറെയും ആക്രമിച്ചു. ഇരുവരെയും കെട്ടിയിട്ട് റോഡരികിൽ തള്ളി. പിന്നാലെ കവർച്ചാസംഘം ലോറിയുമായി കടന്നുകളയുകയായിരുന്നു.

സംഭവസ്ഥലത്ത് നിന്ന് 15 കിലോമീറ്റർ മാറിയാണ് പിന്നീട് ലോറി കണ്ടെടുത്തത്. എന്നാൽ കണ്ടെയ്നറിലെ മുഴുവൻ ഫോണുകളും മോഷ്ടാക്കൾ കവർന്നിരുന്നു. ലോറി ഇവിടെനിർത്തിയിട്ട് മൊബൈൽ ഫോണുകൾ മറ്റൊരു ലോറിയിലേക്ക് മാറ്റിയ ശേഷം കവർച്ചാസംഘം രക്ഷപ്പെട്ടെന്നാണ് പോലീസ് നൽകുന്ന വിവരം. പ്രതികളെ പിടികൂടാനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 17 അന്വേഷണ സംഘങ്ങളെ രൂപവത്‌കരിച്ചിട്ടുണ്ടെന്നും പ്രതികളെക്കുറിച്ച് ഇതുവരെ സൂചനയില്ലെന്നും സേലം റെയ്ഞ്ച് ഡി.ഐ.ജി. പ്രദീപ് കുമാർ പറഞ്ഞു.

Content Highlights:container truck hijacked and stolen mobile phones in tamilnadu