കാസര്‍കോട്: യു.എ.ഇയില്‍നിന്ന് നാടുകടത്തിയ മലയാളികളെ എന്‍.ഐ.എ. ചോദ്യംചെയ്തു. കാസര്‍കോട് തൃക്കരിപ്പൂര്‍, പടന്ന സ്വദേശികളായ ഏഴ് പേരെയാണ് എന്‍.ഐ.എ. കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. ഇവരുടെ പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളും പിടിച്ചെടുത്തു. 

ഐ.എസില്‍ ചേര്‍ന്ന കാസര്‍കോട് സ്വദേശികളുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് യു.എ.ഇയില്‍ അറസ്റ്റിലായ ഏഴ് പേരെയാണ് എന്‍.ഐ.എ. സംഘം ചോദ്യംചെയ്യാനായി വിളിച്ചിപ്പത്. യു.എ.ഇയില്‍ ജയില്‍ശിക്ഷ അനുഭവിച്ച ഇവരെ കഴിഞ്ഞ ഒക്ടോബറില്‍ നാടുകടത്തിയിരുന്നു. തുടര്‍ന്ന് പോലീസും ഇന്റലിജന്‍സും ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് എന്‍.ഐ.എയും ഇവരെ ചോദ്യംചെയ്തത്. 

കൊച്ചിയിലെ എന്‍.ഐ.എ. ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയായിരുന്നു എന്‍.ഐ.എയുടെ ചോദ്യംചെയ്യല്‍. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ഇവരില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ടെങ്കിലും ചോദ്യംചെയ്യലുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 

Content Highlights: connection with isis members nia interrogated seven kasargod native in kochi