ബന്തടുക്ക(കാസർകോട്): ഭാര്യയുടെ മരണത്തിൽ കുറ്റിക്കോൽ പഞ്ചായത്തംഗവും കോൺഗ്രസ് കുറ്റിക്കോൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റുമായ കരിവേടകം മണപ്പാടിയിലെ ജോസ് പാറത്തട്ടേൽ (46) അറസ്റ്റിലായി. ചൊവ്വാഴ്ച പതിനൊന്നോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കോവിഡ് ബാധിച്ചതിനാൽ ജോസ് പാറത്തട്ടേൽ പടന്നക്കാട്ടെ കോവിഡ് നിരീക്ഷണകേന്ദ്രത്തിലായിരുന്നു. കോവിഡ് ഭേദമായതിനാൽ ബേഡകം പോലീസ് സി.ഐ. ടി.ഉത്തംദാസ്, എസ്.ഐ. മുരളീധരൻ എന്നിവരുടെ നേതൃത്വത്തിൽ നിരീക്ഷണകേന്ദ്രത്തിലെത്തിയായിരുന്നു അറസ്റ്റ്. കാസർകോട് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

ജോസ് പാറത്തട്ടേലിന്റെ ഭാര്യ ജിനോ ജോസ് (35) വിഷം അകത്തുചെന്ന നിലയിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സയിൽ കഴിയവേ കഴിഞ്ഞമാസം 25-ന് പുലർച്ചെയാണ് മരിച്ചത്.

ജിനോ ജോസിന്റെ സഹോദരൻ ജോബി ജോസ് നൽകിയ പരാതിയിൽ ആത്മഹത്യാ പ്രേരണയ്ക്കും ഭർതൃപീഡനത്തിനുമാണ് അറസ്റ്റ്. ജോബിയുടെ പരാതിയിൽ ജോസ് പാറത്തട്ടേലിന്റെ മാതാവ് മേരിക്കെതിരേയും പോലീസ് കേസെടുത്തിരുന്നു. മേരി പടന്നക്കാട് കോവിഡ് നിരീക്ഷണകേന്ദ്രത്തിലാണ്.

മരിക്കുന്നതിന് നാലുദിവസം മുൻപാണ് ജിനോയെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്.

ശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നതിനാൽ 30-നാണ് മൃതദേഹപരിശോധന നടത്തി കരിവേടകം സെയ്ന്റ് മേരീസ് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചത്. ഇവരുടെ മൂന്ന്, അഞ്ച്, ഒൻപത്, 12 വയസ്സുള്ള മക്കൾ ജിനോ ജോസിന്റെ ബന്ധുക്കളുടെ സംരക്ഷണത്തിലാണ്.

താത്‌കാലിക ചുമതല സാബു അബ്രഹാമിന്

ബന്തടുക്ക: കോൺഗ്രസ് കുറ്റിക്കോൽ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജോസ് പാറത്തട്ടേലിനെ കോടതി റിമാൻഡ് ചെയ്ത സാഹചര്യത്തിൽ മണ്ഡലം പ്രസിഡന്റിന്റെ താത്‌കാലിക ചുമതല വൈസ് പ്രസിഡന്റ് സാബു അബ്രഹാമിന് നൽകിയതായി ഡി.സി.സി. പ്രസിഡന്റ് ഹക്കിം കുന്നിൽ അറിയിച്ചു.

Content Highlights:congress local leader arrested in kasargod after his wife died by consuming poison