അഹമ്മദാബാദ്: ഇന്റര്‍നെറ്റ് വേഗതയില്ലെന്ന പരാതിയെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ അടിച്ചുകൊന്നു. ഗുജറാത്തില് അഹമ്മദാബാദ് അസര്‍വ സ്വദേശി സത്‌നാം സിങ് സലൂജ(35)യാണ് കൊല്ലപ്പെട്ടത്. പ്രതികളായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. 

ബുധനാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവം. മൊബൈല്‍ ഷോപ്പ് ഉടമയായ സത്‌നാം സിങ് കഴിഞ്ഞ ജനുവരിയില്‍ പ്രദേശത്തെ ഒരു ഇന്റര്‍നെറ്റ് സേവനദാതാവില്‍നിന്ന് കണക്ഷന്‍ വാങ്ങിയിരുന്നു. എന്നാല്‍ ഇന്റര്‍നെറ്റിന് വേഗമില്ലെന്നും രണ്ട് മാസത്തിന് ശേഷം കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടെന്നും സത്‌നാം സിങ് പരാതി നല്‍കി. പുതിയ കണക്ഷന്‍ നല്‍കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. 

തുടര്‍ന്ന് കഴിഞ്ഞദിവസം ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കിയ വ്യക്തിയും കൂട്ടാളികളും സത്‌നാംസിങ്ങിന്റെ വീട്ടിലെത്തി. ഇതിനിടെ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടാവുകയും യുവാവിനെ കൊലപ്പെടുത്തുകയുമായിരുന്നു. 

Content Highlights: conflict over bad internet connection; youth beaten to death