കാട്ടാക്കട : നെയ്യാർഡാം പോലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയ ഗൃഹനാഥനെയും മകളെയും പോലീസുദ്യോഗസ്ഥൻ അധിക്ഷേപിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി. നെടുമങ്ങാട് ഡിവൈ.എസ്.പി. ഉമേഷ് കുമാർ വെള്ളിയാഴ്ച സ്റ്റേഷനിലെത്തി തെളിവെടുപ്പ് നടത്തി. സംഭവത്തിൽ സ്റ്റേഷനിലെ എസ്.ഐ.ക്കെതിരേയും പരാതിയുയർന്നിട്ടുണ്ട്.
നെയ്യാർഡാം പള്ളിവേട്ട സിന്ധു ഭവനിൽ സി.സുദേവനെയാണ് മകളുടെ മുന്നിൽ വച്ച് പോലീസ് സ്റ്റേഷനിൽ അപമാനിക്കപ്പെട്ടത്. മൂത്ത മകളെ കാണാനില്ലെന്ന പരാതിയുമായാണ് സുദേവൻ ആദ്യം പോലീസ് സ്റ്റേഷനിൽ എത്തിയത്. തുടർന്ന് ഈ മകളെ ഒരു യുവാവിനൊപ്പം പോലീസ് കണ്ടെത്തുകയും, ഒപ്പമുണ്ടായിരുന്ന യുവാവിനൊപ്പം പോകണമെന്ന യുവതിയുടെ ആവശ്യപ്രകാരം വിട്ടയയ്ക്കുകയും ചെയ്തു. ഈ യുവാവ് തന്നെയും ഇളയമകളെയും ഭീഷണിപ്പെടുത്തുന്നു എന്നും അത് വിലക്കണമെന്നും ആവശ്യപ്പെട്ട് വീണ്ടും പരാതിയുമായി സ്റ്റേഷനിൽ എത്തിയപ്പോൾ ആദ്യം എസ്.ഐ.യാണ് മോശമായി പെരുമാറിയതെന്ന് സുദേവൻ പറഞ്ഞു. എസ്.ഐ. അപമാനിച്ചശേഷമാണ് എ.എസ്.ഐ. വിഷയം ഏറ്റെടുക്കുകയും മകളുടെ മുന്നിൽ വച്ച് അധിക്ഷേപിക്കുകയും ചെയ്തത്. മദ്യപിക്കാത്ത തന്നെ മദ്യപാനിയായി ചിത്രീകരിച്ചു. മനുഷ്യാവകാശ കമ്മിഷൻ, വനിതാ കമ്മിഷൻ എന്നിവയിൽ പരാതി നൽകുമെന്നും സുദേവൻ പറഞ്ഞു. എന്നാൽ, ഇയാളുടെ വീട്ടിലെത്തി പരാതി സ്വീകരിക്കാത്തതെന്തെന്ന ചോദ്യവുമായാണ് സുദേവൻ സ്റ്റേഷനിൽ എത്തിയതെന്ന് നെയ്യാർഡാം പോലീസ് പറയുന്നു. പോലീസുകാരോട് തട്ടിക്കയറിയപ്പോൾ ഉണ്ടായ പ്രകോപനമാണ് നടന്നതെന്നും പോലീസ് പറയുന്നു.
നെയ്യാർഡാം പോലീസിനെതിരേ നേരത്തെയും പരാതികൾ
ഇതിനിടെ നെയ്യാർഡാം പോലീസിനെതിരേ കൂടുതൽ ആരോപണങ്ങളാണ് ഇപ്പോൾ ഉയരുന്നത്.
നെയ്യാർഡാം പോസ്റ്റ് ഓഫീസിൽ ഉണ്ടായ ഒരു തർക്കത്തിൽ ഉൾപ്പെട്ടയാളെ നെയ്യാർഡാം എസ്.ഐ. കള്ളക്കേസിൽ കുടുക്കിയെന്ന് പരാതി ഉയർന്നിരുന്നു. മനുഷ്യാവകാശ കമ്മിഷന് ലഭിച്ച ഈ പരാതി അന്വേഷിക്കാൻ നെടുമങ്ങാട് ഡിവൈ.എസ്.പി.യെ ചുമതലപ്പെടുത്തി. ആരോപണവിധേയനായ എസ്.ഐ.യെതന്നെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയ ഡിവൈ.എസ്.പി.യുടെ നടപടിയെ മനുഷ്യാവകാശ കമ്മിഷൻ വിമർശിച്ചിരുന്നു. തുടർന്ന് ഡിവിഷന്റെ പരിധിയിൽ വരാത്ത ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കമ്മിഷൻ ഉത്തരവിട്ടു. എസ്.ഐ.യ്ക്കെതിരേയുള്ള ഈ അന്വേഷണവും പൂർത്തിയായിട്ടില്ല.
എല്ലാ ദിവസവും പുലർച്ചെയുള്ള നെയ്യാർഡാം പോലീസിന്റെ വാഹനപരിശോധനയും വിവാദമാണ്. പത്ര, പാൽ വിതരണക്കാർ, ടാപ്പിങ് തൊഴിലാളികൾ തുടങ്ങിയവരെ അനാവശ്യമായി പുലർച്ചെ തടഞ്ഞുനിർത്തിയാണ് എസ്.ഐ.യുടെ നേതൃത്വത്തിൽ പരിശോധനയെന്നാണ് പരാതി.
ഇരുചക്രവാഹനങ്ങളിൽ പോകുന്ന ഇവരെ ഭീഷണിപ്പെടുത്തുകയും വൻ തുക പിഴ ഈടാക്കുന്നതായും പരാതിയുണ്ട്. കൂടാതെ ഓൺലൈനിൽ നൽകുന്ന പരാതിക്ക് സ്റ്റേഷനിൽനിന്നും രസീത് നൽകുന്നില്ലെന്നും ആക്ഷേപമുണ്ട്.
എ.എസ്.ഐ.യെ ഇടുക്കിയിലേക്ക് സ്ഥലംമാറ്റി
ഡിവൈ.എസ്.പി. ഉമേഷ് കുമാർ വെള്ളിയാഴ്ച സ്റ്റേഷനിലെത്തി പോലീസുദ്യോഗസ്ഥരോടും, പരാതിക്കാരോടും വിവരങ്ങൾ അന്വേഷിച്ച് മനസ്സിലാക്കി.
അന്വേഷണച്ചുമതലയുള്ള റൂറൽ ഡി.ഐ.ജി.ക്ക് വകുപ്പുതല അന്വേഷണ റിപ്പോർട്ട് കൈമാറും. സുദേവനെയും മകളെയും അധിക്ഷേപിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പോലീസ് മേധാവി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
സംഭവത്തിൽ ഉൾപ്പെട്ട സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ. ഗോപകുമാറിനെ ഇടുക്കിയിലേക്ക് സ്ഥലംമാറ്റിയിട്ടുണ്ട്.