കൊച്ചി: വൃക്ക ദാനം ചെയ്തതു വഴി കിട്ടിയ പണവും സ്വന്തമാക്കിയ ശേഷം 41-കാരിയെ വീടിനു പുറത്താക്കിയതായി പരാതി. പെരുമ്പാവൂര്‍ സ്വദേശിനിയാണ് തൃക്കാക്കര പോലീസില്‍ പരാതി നല്‍കിയത്. മൂന്നു വര്‍ഷമായി ഇവര്‍ ആലുവ യു.സി. കോളേജ് സ്വദേശി റെനീഷിനൊപ്പമാണ് താമസിച്ചിരുന്നത്. ഇരുവരും മുമ്പ് വേറെ വിവാഹം കഴിച്ചിരുന്നതാണ്.

ഇവര്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായതോടെ വൃക്ക ദാനം ചെയ്യാന്‍ പെരുമ്പാവൂര്‍ സ്വദേശിനി നിര്‍ബന്ധിതയായി. രണ്ട് വര്‍ഷം മുമ്പായിരുന്നു വൃക്ക ദാനം. വൃക്ക ദാനമായി സ്വീകരിച്ചവര്‍ ഇവരുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് സഹായവും നല്‍കി. പണം റെനീഷിന്റെ അക്കൗണ്ടിലേക്കായിരുന്നു ഇട്ടു നല്‍കിയത്. ഈ പണം തട്ടിയെടുത്ത ശേഷം തന്നെ ഉപേക്ഷിച്ചെന്നാണ് പെരുമ്പാവൂര്‍ സ്വദേശിനി പരാതി നല്‍കിയിരിക്കുന്നത്.

വാഴക്കാല മൂലേപ്പാടത്തെ വാടകവീട്ടിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. അടുത്ത് ഒരു ഹോട്ടലും തുടങ്ങിയിരുന്നു. ഹോട്ടല്‍ തുടങ്ങിയത് ഈ യുവതിയുടെ പേരിലാണ്. ഇപ്പോള്‍ ഇതിന്റെ വാടകയടക്കം 4,35,000 രൂപയുടെ ബാധ്യത ഇവരുടെ പേരില്‍ വന്നിരിക്കുന്നു. ഏതാനും നാളായി റെനീഷ് ക്രൂരമായി മര്‍ദിച്ചിരുന്നെന്നും എന്നാല്‍ മറ്റൊന്നും ചെയ്യാനാവാത്തതിനാല്‍ അതേ വീട്ടില്‍ത്തന്നെ കഴിയുകയുമായിരുന്നു. ഒടുവില്‍ ഞായറാഴ്ച രാത്രി മര്‍ദിച്ച് വീട്ടില്‍നിന്ന് പുറത്താക്കി വിട്ടെന്നാണ് പരാതി. പിന്നീട് ഫോണില്‍ വിളിച്ചപ്പോള്‍ ബന്ധം തുടരാന്‍ താത്പര്യമില്ലെന്ന്‌ െറനീഷ് അറിയിച്ചു. പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫാക്കി.

പരാതി സ്വീകരിക്കാന്‍ പോലീസിന് മടി

പരാതിയുമായി തൃക്കാക്കര പോലീസില്‍ എത്തിയപ്പോള്‍ അത് സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ലെന്ന് യുവതി പറയുന്നു. തിങ്കളാഴ്ച വനിത സെല്‍ വഴി ഇടപെട്ടതിനെ തുടര്‍ന്നാണ് തന്റെ പരാതി സ്വീകരിക്കാന്‍ പോലീസ് തയ്യാറായതെന്ന് പെരുമ്പാവൂര്‍ സ്വദേശിനി പറഞ്ഞു.

എന്നാല്‍ ആദ്യ ദിവസം സ്റ്റേഷനില്‍ വന്നെങ്കിലും വിവരം തിരക്കി പോയതേ ഉള്ളൂ എന്നാണ് തൃക്കാക്കര പോലീസിന്റെ വിശദീകരണം.

പരാതി സ്വീകരിച്ചതായും പ്രതിയുടെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ചുള്ള പരാതിയില്‍ ഉടന്‍ നടപടി വേണമെന്ന് നേരത്തെ തന്നെ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതാണ്.