മുംബൈ:നടി ശില്പാ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കുമെതിരേ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് പ്രശസ്ത മോഡല്‍ ഷെര്‍ലിന്‍ ചോപ്ര മുംബൈ പോലീസില്‍ പരാതി നല്‍കി. രാജ് കുന്ദ്ര ലൈംഗികമായി പീഡിപ്പിച്ചെന്നും ശില്പാ ഷെട്ടി മാനസിക പീഡനത്തിനും തട്ടിപ്പിനും ഇരയാക്കിയെന്നും പരാതിയില്‍ ആരോപിച്ചു.

നീലച്ചിത്രക്കേസില്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് വ്യവസായിയായ രാജ് കുന്ദ്രയ്‌ക്കെതിരേ ലൈംഗിക പീഡനക്കേസ് വരുന്നത്. മുംബൈയിലെ ജുഹു പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് ഷെര്‍ലിന്‍ ചോപ്ര കഴിഞ്ഞ ദിവസം പ്രഥമ വിവര റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തത്. പരാതിയുടെ വിശദാംശങ്ങള്‍ ചോപ്ര ശനിയാഴ്ച വെളിപ്പെടുത്തി.

2019 മാര്‍ച്ച് 27-ന് രാത്രി വൈകി രാജ് കുന്ദ്ര തന്റെ വീട്ടിലെത്തിയെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും ഷെര്‍ലിന്‍ പറയുന്നു. ഈ വര്‍ഷം ഏപ്രിലില്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും രാജ് കുന്ദ്രയുടെ ഭീഷണിയെത്തുടര്‍ന്ന് പിന്‍വലിക്കുകയായിരുന്നുവെന്നും പരാതിയില്‍ ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചെന്നും അവര്‍ പറഞ്ഞു.

ഭര്‍ത്താവിന്റെ തട്ടിപ്പില്‍ കൂട്ടു ചേരുകയും മാനസികമായി പീഡിപ്പിച്ചെന്നുമാണ് ശില്പാ ഷെട്ടിക്കെതിരേ ഉന്നയിച്ചത്. ഇരുവര്‍ക്കുെമതിരായ ആരോപണങ്ങള്‍ വിശദീകരിക്കാന്‍ പത്രസമ്മേളനം വിളിക്കുമെന്ന് ഷെര്‍ലിന്‍ ചോപ്ര അറിയിച്ചിരുന്നു. എന്നാല്‍, അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന് രാജ്കുന്ദ്രയും ശില്പാ ഷെട്ടിയും മുന്നറിയിപ്പു നല്‍കി. പരസ്യ പ്രസ്താവനയിലൂടെ വ്യക്തിപരമായി തേജോവധം ചെയ്യാന്‍ ശ്രമിച്ചാല്‍ ഷെര്‍ലിന്‍ ചോപ്ര മാനനഷ്ടക്കേസ് നേരിടേണ്ടിവരുമെന്ന് രാജ് കുന്ദ്രയുടെ അഭിഭാഷകന്‍ പറഞ്ഞു.

രാജ് കുന്ദ്ര പ്രതിയായ നീലച്ചിത്രക്കേസില്‍ മുംബൈ പോലീസ് ഷെര്‍ലിന്‍ ചോപ്രയുടെ മൊഴിയെടുത്തിരുന്നു. തന്റെ സംരംഭത്തിനുവേണ്ടി ചിത്രങ്ങളില്‍ അഭിനയിക്കണമെന്ന് രാജ് കുന്ദ്ര ആവശ്യപ്പെട്ടിരുന്നതായി ഷെര്‍ലിന്‍ ചോപ്രയുടെ മൊഴിയില്‍ പറയുന്നുണ്ട്.

എരിവുള്ള ഉള്ളടക്കമാണ് ഉദ്ദേശിക്കുന്നതെന്നും ഒന്നും വകവെക്കാതെ അഭിനയിക്കണമെന്നുമായിരുന്നു നിര്‍ദേശം.

ഇതിലും പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ധാരണയിലെത്താന്‍ കഴിയാത്തതിനാല്‍ കുന്ദ്രയുടെ സംരംഭത്തിനുവേണ്ടി അഭിനയിച്ചിട്ടില്ലെന്നാണ് ഷെര്‍ലിന്‍ മൊഴി നല്‍കിയത്. ഈ കേസില്‍ അറസ്റ്റിലായ രാജ് കുന്ദ്രയ്ക്ക് രണ്ടു മാസത്തെ ജയില്‍വാസത്തിനു ശേഷമാണ് ജാമ്യം കിട്ടിയത്.

ഫെബ്രുവരിയില്‍ നടി ഗഹന വസിഷ്ഠ് ഉള്‍പ്പെടെ ഒമ്പതുപേരെ മുംബൈ പോലീസ് അറസ്റ്റു ചെയ്തതോടെയാണ് നീലച്ചിത്ര നിര്‍മാണ റാക്കറ്റിന്റെ വിവരം പുറത്തറിയുന്നത്. ഗഹനയ്ക്കും മറ്റുമെതിരേ നേരത്തേ തന്നെ കുറ്റപത്രം സമര്‍പ്പിച്ച പോലീസ് കുന്ദ്രയടക്കം നാലു പേര്‍ക്കെതിരേ കഴിഞ്ഞ മാസമാണ് അനുബന്ധ കുറ്റപത്രം നല്‍കിയത്.