കുറ്റിപ്പുറം: ക്യൂനെറ്റ് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ പേരില്‍ സംസ്ഥാനത്ത് ഏതാനും മാസങ്ങള്‍ക്കിടെ നടന്നത് കോടികളുടെ തട്ടിപ്പ്. ഒട്ടേറെപ്പേര്‍ വിവിധ പോലീസ്സ്റ്റേഷനുകളില്‍ പരാതി നല്‍കിയെങ്കിലും അറസ്റ്റൊന്നും ഉണ്ടായിട്ടില്ല. മലേഷ്യ, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ക്യൂ നെറ്റ്. പ്രധാന പ്രതികള്‍ പലരും ഗള്‍ഫ് രാജ്യങ്ങളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും രക്ഷപ്പെട്ടതായും സൂചനയുണ്ട്.

റെന്റ് എ കാര്‍, ഹോളിഡെ പാക്കേജ് തുടങ്ങിയ സേവനങ്ങളും ആരോഗ്യ, സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉള്‍പ്പടെ 400-ല്‍പ്പരം ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനിയാണെന്ന് പറഞ്ഞാണ് നിേക്ഷപകരെ കബളിപ്പിച്ചത്. ആമസോണ്‍, ഫ്‌ലിപ്പ്ക്കാര്‍ട്ട് തുടങ്ങിയ കമ്പനികളുടെ ഇ-കൊമേഴ്‌സ് രീതിയാണ് അവതരിപ്പിക്കുക. കമ്പനിയുടെ പേര്, ക്യൂ-നെറ്റ് എന്നും ക്യു-ഐ എന്നെുമൊക്കെ വ്യത്യസ്തമായി പറയുന്നുണ്ട്.

10 ശതമാനംവരെയാണ് കമ്മിഷന്‍ വാഗ്ദാനം. സാധനങ്ങളും സേവനങ്ങളും വില്‍ക്കാനായി നിക്ഷേപകന്‍ ഫ്രാഞ്ചൈസി, ഡീലര്‍ എന്നിവയിലേതെങ്കിലും പണംകൊടുത്ത് വാങ്ങണം. ഷോപ്പ് എന്ന സ്‌ളാബാണ് ഇതിന്റെ മാനദണ്ഡം. ഒരു ഷോപ്പിന് ഏകദേശം 60,000 രൂപയാണ് വില. കുറഞ്ഞത് ഒരാള്‍ അഞ്ചുഷോപ്പെങ്കിലും വാങ്ങണം. പത്തുഷോപ്പിന് മുകളില്‍ വാങ്ങുന്നവരാണ് ഡീലര്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുക.

ഉത്പന്നങ്ങളെക്കുറിച്ചോ സേവനങ്ങളെക്കുറിച്ചോ യാതൊരു വിവരങ്ങളും നല്‍കില്ല. പണം നിക്ഷേപിച്ചാല്‍പ്പിന്നെ ഇടയ്ക്കിടയ്ക്ക് മാനസിക ഉയര്‍ച്ചയ്ക്കുള്ള ക്‌ളാസുകളാണ് ഒരുക്കിക്കൊടുക്കുക. ക്‌ളാസെടുക്കുന്നത് ഈ തട്ടിപ്പ് സംഘത്തിലെ വിദഗ്ദര്‍തന്നെ. ക്‌ളാസുകള്‍ നടക്കുക പ്രമുഖ വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ നക്ഷത്രഹോട്ടലുകളില്‍. അവിടുത്തെ താമസത്തിനും ഭക്ഷണത്തിനും വരുന്ന തുക നിക്ഷേപകന്‍തന്നെ നല്‍കണം.

ലക്ഷങ്ങള്‍ കൊടുത്ത് അംഗമായവര്‍ക്ക് വാച്ച്, മാല, ചായപ്പൊടി, തേന്‍കുപ്പികള്‍, ക്രീമുകള്‍ തുടങ്ങിയ ചില ഉത്പന്നങ്ങള്‍ കൊറിയര്‍ വഴിയെത്തും. ദുബായിയില്‍നിന്നാണ് ഈ സമ്മാനങ്ങള്‍ എത്തുക. അഞ്ചും പത്തും ലക്ഷം നിക്ഷേപിച്ചവര്‍ക്ക് വിപണിയില്‍ 4,000 രൂപയോളം വിലവരുന്ന വാച്ചിന് 65,000 രൂപ, വിര്‍ജിന്‍ കോക്കനട്ട് ഓയലിന് 2,500 രൂപ എന്നിങ്ങനെ ബില്ലില്‍ വില രേഖപ്പെടുത്തിയ സമ്മാനങ്ങളാണ് കിട്ടുക.

മൂന്നുമാസം മുതല്‍ ആറുമാസം വരെയുള്ള കാലയളവില്‍ നിക്ഷേപകന് നിക്ഷേപസംഖ്യയും ലാഭവും തിരിച്ചുകിട്ടുമെന്നാണ് തട്ടിപ്പുസംഘത്തിന്റെ വാഗ്ദാനം. മാസങ്ങള്‍ കഴിഞ്ഞിട്ടും പണത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ ഭീഷണിപ്പെടുത്തുന്നതായി പരാതിക്കാര്‍ പറയുന്നു.