തിരുവനന്തപുരം:  അച്ഛനെയും മകളെയും പിങ്ക് പോലീസ് സംഘം മൊബൈല്‍ ഫോണ്‍ മോഷ്ടാക്കളായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്ന് പരാതി. ആറ്റിങ്ങല്‍ ടൗണില്‍ ട്രാഫിക് ഡ്യൂട്ടിക്കെത്തിയ പിങ്ക് പോലീസിനെതിരെയാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനെയും മകളെയുമാണ് പിങ്ക് പോലീസ് നടുറോഡില്‍ വിചാരണ ചെയ്തത്. 

ഐ.എസ്.ആര്‍.ഒ.യിലേക്കുള്ള വാഹനം കടന്നുപോകുന്നതിനാല്‍ കഴിഞ്ഞദിവസം ആറ്റിങ്ങല്‍ ടൗണില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഇത് നിയന്ത്രിക്കുന്നതിനാണ് പിങ്ക് പോലീസ് എത്തിയത്. പോലീസ് വാഹനത്തിന്റെ ചില്ല് ഉയര്‍ത്തിവെച്ചാണ് പോലീസുകാര്‍ ഡ്യൂട്ടിക്ക് പോയത്. ഒരു പോലീസ് ഉദ്യോഗസ്ഥ ഡ്യൂട്ടി കഴിഞ്ഞെത്തിയപ്പോള്‍ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന തന്റെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്ന് പറഞ്ഞു. ഈ സമയം ജയചന്ദ്രനും മകളും പോലീസ് വാഹനത്തില്‍ ചാരിനില്‍പ്പുണ്ടായിരുന്നു. തുടര്‍ന്നാണ് ഇരുവരും മൊബൈല്‍ എടുത്തെന്നരീതിയില്‍ പോലീസ് ഉദ്യോഗസ്ഥ പെരുമാറിയത്. ഇതോടെ നാട്ടുകാരും സ്ഥലത്ത് തടിച്ചുകൂടി. 

അല്പസമയത്തിന് ശേഷം പോലീസ് ഉദ്യോഗസ്ഥയുടെ ഫോണിലേക്ക് വിളിച്ചുനോക്കിയപ്പോള്‍ ഫോണ്‍ കാറിനുള്ളില്‍ തന്നെയുണ്ടെന്ന് ബോധ്യപ്പെട്ടു. ഇതോടെ നാട്ടുകാര്‍ ഇടപെടുകയും പിങ്ക് പോലീസിനെതിരേ പ്രതിഷേധിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

അതേസമയം, പിങ്ക് പോലീസിന്റെ മോശം പെരുമാറ്റത്തിനെതിരേ രേഖാമൂലം പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Content Highlights: complaint against pink police patrolling team in attingal