മലപ്പുറം: ഹൈക്കോടതി അഭിഭാഷക ചമഞ്ഞ് യുവതി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നു പരാതി. തിരൂര്‍ സ്വദേശി നൗഷാദ് പൂഴിത്തറ, താനാളൂര്‍ സ്വദേശി മുഹമ്മദ്കുട്ടി പുല്ലോളി, കാടാമ്പുഴ സ്വദേശികളായ കോടിയില്‍ അശ്‌റഫ്, കോടിയില്‍ ഖമറുന്നീസ എന്നിവരാണ് പരാതിയുമായി രംഗത്തുവന്നത്.

കണ്ണൂര്‍ സ്വദേശിയായ യുവതി വിവിധ ഇടങ്ങളില്‍ വാടകയ്ക്കു താമസിച്ച് ആളുകളില്‍നിന്നു പണംവാങ്ങി മുങ്ങുകയാണു പതിവെന്ന് തട്ടിപ്പിനിരയായവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 40 ലക്ഷം രൂപയ്ക്കുമേല്‍ യുവതി തട്ടിയെടുത്തിട്ടുണ്ടെന്ന് പരാതിക്കാര്‍ പറഞ്ഞു. യുവതിക്കെതിരേ കൊട്ടാരക്കര, നെടുമ്പുഴ, കസബ, ശ്രീകൃഷ്ണപുരം, തിരൂര്‍, കാടാമ്പുഴ സ്റ്റേഷനുകളില്‍ പരാതികളുണ്ട്. ആളുകളെ പരിചയപ്പെട്ട് ജോലി വാഗ്ദാനം, ഉന്നതവിദ്യാഭ്യാസത്തിനു സീറ്റ് വാഗ്ദാനം, കേസുകള്‍ ഒത്തുതീര്‍ക്കല്‍ തുടങ്ങി പല മാര്‍ഗങ്ങളിലൂടെ സ്വാധീനിച്ചാണ് തട്ടിപ്പുനടത്തുന്നതെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടി.

അധ്യാപകജോലി വാങ്ങിത്തരാമെന്നുപറഞ്ഞ് കാഴ്ചപരിമിതിയുള്ള യുവതിയില്‍നിന്നു 10 ലക്ഷം രൂപ തട്ടിയെടുത്തു. ഡിവൈ.എസ്.പി.യുടെ ഭാര്യയാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പോലീസുകാരരെയും ഇവര്‍ തട്ടിപ്പിനിരയാക്കിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിക്ക് പരാതിനല്‍കി. യുവതിയെ പിടികൂടാന്‍ പോലീസ് നടപടിയെടുക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു.