മുംബൈ: മയക്കുമരുന്ന് കേസിൽ ഹാസ്യതാരം ഭർതി സിങ്ങിനും ഭർത്താവ് ഹർഷ്ലിം ബാച്ചിയയ്ക്കും ജാമ്യം. മുംബൈയിലെ എൻ.ഡി.പി.എസ്. കോടതിയാണ് തിങ്കളാഴ്ച ഇരുവർക്കും ജാമ്യം അനുവദിച്ചത്. ശനിയാഴ്ച ഇവരുടെ വീട്ടിൽനിന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) 86.5 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഭർതി സിങ്ങിനെയും ഭർത്താവിനെയും എൻ.സി.ബി. അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയ ദമ്പതിമാരെ 14 ദിവസത്തേക്കാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. തുടർന്നാണ് ജാമ്യാപേക്ഷയുമായി ഇരുവരും കോടതിയെ സമീപിച്ചത്.

എൻ.സി.ബിയുടെ ചോദ്യംചെയ്യലിൽ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ഇരുവരും സമ്മതിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി മുംബൈയിലെ മറ്റൊരു കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ ഒരു ലഹരിവിൽപ്പനക്കാരനെ എൻ.സി.ബി. പിടികൂടിയിരുന്നു. ഇയാളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഭർതി സിങ്ങിന്റെ അന്ധേരിയിലുള്ള വീട്ടിൽ പരിശോധന നടത്തിയത്. ടെലിവിഷൻ ചാനലുകളിലെ ഹാസ്യപരിപാടികളിലൂടെയും റിയാലിറ്റി ഷോകളിലൂടെയുമാണ് ഭർതി സിങ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധേനേടിയത്.

Content Highlights:comedian bharti singh and husband gets bail in drug case