ചണ്ഡീഗണ്ഡ്: ജീവനക്കാരിയുമായി കേണല്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് ജവാന്മാര്‍ മൊബൈലില്‍ പകര്‍ത്തിയ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവ്. 25 രജപുത്താന റൈഫിള്‍സിലെ രണ്ട് ജവാന്മാര്‍ കേന്ദ്ര പ്രതിരോധ മന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
പഞ്ചാബിലെ അബോഹറില്‍ ജോലിചെയ്യുന്ന സമയത്താണ് സൈന്യത്തിലെ കേണല്‍ ജീവനക്കാരിയുമായി ഓഫീസിനുള്ളില്‍വെച്ച് ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്. ഇദ്ദേഹത്തിന്റെ നിരന്തരമായ മാനസികപീഡനത്തിന് ഇരയായ രണ്ട് ജവാന്മാര്‍ ഈ സംഭവം ചിത്രീകരിക്കുകയും ചെയ്തു. കേണലിനെ ഒരു പാഠം പഠിപ്പിക്കാനായാണ് ഇത് മൊബൈലില്‍ പകര്‍ത്തിയതെന്നാണ് ജവാന്മാരുടെ വാദം. ഇരുവരും തന്നെയാണ് കേണലിനെതിരെ പ്രതിരോധ മന്ത്രിക്ക് കത്തയച്ചതും. കേന്ദ്രമന്ത്രിക്ക് നല്‍കിയ കത്തില്‍ തങ്ങള്‍ വീഡിയോ പകര്‍ത്തിയ കാര്യവും വിശദീകരിച്ചിട്ടുണ്ട്.
അതേസമയം, സംഭവത്തില്‍ ഉള്‍പ്പെട്ട കേണല്‍ നിലവില്‍ സര്‍വീസില്‍നിന്ന് വിരമിച്ചയാളാണ്. സര്‍വീസില്‍നിന്ന് വിരമിച്ചെങ്കിലും സൈനിക നിയമമനുസരിച്ചുള്ള അന്വേഷണം നേരിടാന്‍ ഇദ്ദേഹം ബാധ്യസ്ഥനാണെന്നാണ് റിപ്പോര്‍ട്ട്. വീഡിയോ ഉപയോഗിച്ച് ജവാന്മാര്‍ കേണലിനെ ബ്ലാക്ക്‌മെയില്‍ ചെയ്‌തോ എന്നതും അന്വേഷണത്തിന്റെ ഭാഗമാകും.
Content Highlights: colonel had sex in his office,jawans filmed the incident, army ordered for a probe