കോഴിക്കോട്: ഉത്തര്‍പ്രദേശ് സ്വദേശിയായ കോളേജ് വിദ്യാര്‍ഥിയെ ഫ്‌ളാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ മൂന്നാംവര്‍ഷ സാമ്പത്തികശാസ്ത്ര ബിരുദ വിദ്യാര്‍ഥി ജസ്പ്രീത് സിങ് (21) ആണ് മരിച്ചത്. ഉത്തര്‍പ്രദേശ് ബിജ്‌നോര്‍ ജില്ലയിലെ ഹല്‍ദ്വാര്‍ സ്വദേശി മനുമോഹന്‍സിങ്ങിന്റെയും സോനം കൗറിന്റെയും മകനാണ്. കോണ്‍വെന്റ് റോഡിലെ സീഗല്‍ അപ്പാര്‍ട്ട്‌മെന്റ്‌സിലാണു സംഭവം.

ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ അമ്മയാണ് മുറിക്കുള്ളില്‍ തൂങ്ങിയനിലയില്‍ കണ്ടത്. ഉടനെ അയല്‍വാസികള്‍ ബീച്ച് ജനറല്‍ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 15 വര്‍ഷത്തോളമായി ഇവര്‍ കോഴിക്കോട്ടാണു താമസം.

വേണ്ടത്ര ഹാജരില്ലാത്തതിനാല്‍ ആറാം സെമസ്റ്റര്‍ പരീക്ഷയെഴുതാനാവില്ലെന്നു ജസ്പ്രീതിനെ കോളേജ് അധികൃതര്‍ അറിയിച്ചിരുന്നു. തിങ്കളാഴ്ചയാണ് പരീക്ഷ തുടങ്ങുന്നത്. ഈ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്‌തെന്നാണു പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് ടൗണ്‍ എസ്.ഐ. ബിജിത്ത് പറഞ്ഞു.

അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. വീട്ടുകാര്‍ പരാതി നല്‍കാത്തതിനാല്‍ പ്രേരണക്കുറ്റത്തിനു കേസെടുക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ആവശ്യത്തിനു ഹാജരില്ലാത്തതിനാലാണ് പരീക്ഷയെഴുതാന്‍ അനുമതി നല്‍കാതിരുന്നതെന്നും സര്‍വകലാശാലയാണ് ഇതിന് തീരുമാനമെടുക്കുന്നതെന്നും കോളേജ് പ്രിന്‍സിപ്പല്‍ ഗോഡ്വിന്‍ സാംരാജ് പറഞ്ഞു. സഹോദരങ്ങള്‍: മനീഷ കൗര്‍, മീനാക്ഷി കൗര്‍. മൃതദേഹം ബീച്ച് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം വീട്ടിലെത്തിച്ചു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11-ന് മാവൂര്‍റോഡ് ശ്മശാനത്തില്‍.


(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

 

Content Highlights: college student, who hails from uttar pradesh commits suicide in kozhikode