കോയമ്പത്തൂർ: പേരൂരിൽ കോളേജ് വിദ്യാർഥിനിയെ കുത്തിക്കൊന്ന ശേഷം ഒളിവിൽപോയ യുവാവ് തൃശ്ശൂരിൽ അറസ്റ്റിൽ. പേരൂരിൽ മെക്കാനിക്കായി ജോലിചെയ്യുന്ന രതീഷിനെ(24)യാണ് തൃശ്ശൂരിലെ ബന്ധുവീട്ടിൽനിന്ന് കോയമ്പത്തൂർ പോലീസ് തിങ്കളാഴ്ച രാവിലെ പിടികൂടിയത്. യാത്രാപാസോ രജിസ്ട്രേഷനോ നടത്താതെ വനത്തിലെ ഊടുവഴിയിലൂടെയാണ് ഇയാൾ തമിഴ്നാട് അതിർത്തി കടന്നതെന്നാണ് പോലീസ് പറഞ്ഞത്.

വെള്ളിയാഴ്ച രാത്രി ആദ്യവർഷ ബി.കോം വിദ്യാർഥിനിയും പേരൂർ സ്വദേശിയുമായ ഐശ്വര്യ(18)യെ രതീഷ് കുത്തിക്കൊന്നത്. മകളെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഐശ്വര്യയുടെ പിതാവ് ശക്തിവേലിനും കുത്തേറ്റിരുന്നു. ഇദ്ദേഹം ചികിത്സയിലാണ്.

ഐശ്വര്യയും രതീഷും നേരത്തെ പ്രണയത്തിലായിരുന്നു. എന്നാൽ വ്യത്യസ്ത ജാതിയിൽപ്പെട്ട ഇരുവരുടെയും പ്രണയത്തെക്കുറിച്ച് കഴിഞ്ഞ മാർച്ചിൽ ഐശ്വര്യയുടെ വീട്ടുകാർക്ക് വിവരം ലഭിച്ചു. ഇതിനുപിന്നാലെ രതീഷുമായി ഒരു ബന്ധവും പാടില്ലെന്നും സംസാരിക്കരുതെന്നും വീട്ടുകാർ ഐശ്വര്യയോട് ആവശ്യപ്പെട്ടു. തുടർന്ന് കഴിഞ്ഞ നാല് മാസത്തോളമായി ഐശ്വര്യ രതീഷിനെ കാണുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല.

ലോക്ക്ഡൗൺ കാരണം രതീഷിനും ഐശ്വര്യയുടെ വീട്ടിലെത്തി കാണാനായില്ല. പലതവണ ഫോണിൽ വിളിച്ചെങ്കിലും പെൺകുട്ടി ഫോൺ എടുക്കുകയും ചെയ്തില്ല. ഇതിനുപിന്നാലെയാണ് വെള്ളിയാഴ്ച രാത്രി 8.30 ഓടെ രതീഷ് ഐശ്വര്യയുടെ വീടിന് സമീപമെത്തിയത്. തുടർന്ന് ഐശ്വര്യയോട് സംസാരിക്കണമെന്നും പുറത്തേക്ക് വരാനും ആവശ്യപ്പെട്ടു. പിതാവിനൊപ്പമാണ് പെൺകുട്ടി രതീഷിന്റെ അടുത്തേക്ക് പോയത്. ഇരുവരും എത്തിയതിന് പിന്നാലെ രതീഷ് കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് ഐശ്വര്യയുടെ നെഞ്ചിലും വയറിലും കുത്തുകയായിരുന്നു. തടയാൻശ്രമിച്ച പിതാവിനും കൈകളിൽ കുത്തേറ്റു. ബഹളം കേട്ട് അയൽക്കാർ ഓടിവന്നപ്പോഴേക്കും പ്രതി കടന്നുകളഞ്ഞു.

ഗുരുതരമായി പരിക്കേറ്റ ഐശ്വര്യയെയും പിതാവിനെയും ഉടൻതന്നെ കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയോടെ ഐശ്വര്യ മരിച്ചു.

Content Highlights:college student stabbed to death in coimbatore accused arrested from thrissur