പാലക്കാട്: പുതുനഗരം കൊടുവായൂര്‍ സ്വദേശിയായ കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകുമ്പോള്‍ ക്വട്ടേഷന്‍ സംഘം ആലത്തൂരില്‍ പിടിയിലായി. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെ ആലത്തൂര്‍ സ്വാതി ജങ്ഷന്‍ സിഗ്‌നലില്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് സാഹസികമായാണ് ഇവരെ കീഴ്പ്പെടുത്തിയത്.

policeപെണ്‍കുട്ടിക്ക് പുറമേ കാറിലുണ്ടായിരുന്ന അഞ്ചുപേരില്‍ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊടുമ്പ് തിരുവാലത്തൂര്‍ കാടാങ്കോട് ആറ്റിങ്ങല്‍ ജയന്‍ (37), മുണ്ടൂര്‍ നൊച്ചിപ്പുളളി ആനപ്പാറ ബിവിന്‍ (29), പാലക്കാട് തിരുനെല്ലായി ഒരിക്കല്‍ അബുഷഹീദ് (27), കൊടുവായൂര്‍ കരുവന്നൂര്‍ത്തറയില്‍ സ്വരൂപ് (22) എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. കൊടുവായൂര്‍ മണലി കൈലാസ് നഗറില്‍ രാഹുല്‍ (23) എന്നയാള്‍കൂടി കാറിലുണ്ടായിരുന്നെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. കാര്‍ തടഞ്ഞപ്പോഴുണ്ടായ തിരക്കിനിടയില്‍ രാഹുല്‍ രക്ഷപ്പെട്ടെന്നാണ് നിഗമനം.

18 കാരിയെ തട്ടിക്കൊണ്ടുപോവുകയായിരുന്ന കാറും ആലത്തൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ കാറില്‍ കടത്തിക്കൊണ്ടുപോകുന്നെന്ന സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് ആലത്തൂര്‍ സി. ഐ. കെ.എ. എലിസബത്തും അഡീഷണല്‍ എസ്.ഐ. മുഹമ്മദ് കാസിമും സംഘവും നാട്ടുകാരുടെയും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരുടെയും സഹായത്തോടെ പാതയില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചാണ് കാര്‍ തടഞ്ഞത്.

കാര്‍തടഞ്ഞ പോലീസുള്‍പ്പെടെയുള്ളവരെ അപായപ്പെടുത്താന്‍ ശ്രമമുണ്ടായി. കാറോടിച്ചിരുന്ന ജയന്റെ ചവിട്ടേറ്റ് ആലത്തൂര്‍ സ്റ്റേഷനിലെ ഹോംഗാര്‍ഡ് സുധീഷ് കുമാറിനെ (52) ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രാഹുലും പെണ്‍കുട്ടിയും പ്രണയത്തിലാണെന്നും രാഹുലാണ് ക്വട്ടേഷന്‍ സംഘത്തെ കൂടെ കൂട്ടിയതെന്നുമാണ് പോലീസ് പറഞ്ഞത്. പെണ്‍കുട്ടിയുടെ മൊഴിയെ ആശ്രയിച്ചായിരിക്കും കേസിന്റെ പുരോഗതി.

ജില്ലാ പോലീസ് സൂപ്രണ്ട് പ്രതീഷ്‌കുമാര്‍ ആലത്തൂരിലെത്തി പ്രതികളെ ചോദ്യംചെയ്തു. സി.ഐ. കെ.എ. എലിസബത്ത്, അഡീഷണല്‍ എസ്.ഐ. മുഹമ്മദ് കാസിം, സൗത്ത് എസ്.ഐ. കെ. കൃഷ്ണന്‍, പുതുനഗരം എസ്.ഐ. ചന്ദ്രന്‍, സി.പി.ഒ.മാരായ ഉണ്ണിക്കൃഷ്ണന്‍, അരവിന്ദാക്ഷന്‍, ഹരി, രാമസ്വാമി, കൃഷ്ണദാസ്, മണികണ്ഠന്‍ എന്നിവര്‍ നേതൃത്വംനല്‍കി.

പെണ്‍കുട്ടിയെ തട്ടിയെടുത്തത് വടിവാള്‍ വീശി 

agriculture

തട്ടിയെടുത്ത കാര്‍

കൊടുവായൂരിലെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ സംഘം വടിവാള്‍വീശി സ്ത്രീകളെയുള്‍പ്പെടെ ഭീഷണിപ്പെടുത്തിയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് വീട്ടുകാര്‍ പറഞ്ഞത്. പുതുനഗരം പോലീസിന്റെ സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് പാലക്കാട് സൗത്ത് പോലീസ് സ്റ്റേഷന്‍ എസ്.ഐ. കെ. കൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് ദേശീയപാത കണ്ണനൂരില്‍വെച്ച് കാര്‍ തടഞ്ഞെങ്കിലും അമിതവേഗത്തില്‍ കടന്നുകളഞ്ഞു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന വീട്ടുകാരുടെ പരാതിയില്‍ പുതുനഗരം പോലീസും പോലീസിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആലത്തൂര്‍പോലീസും കേസെടുത്തു.

അറസ്റ്റിലായവര്‍ മുമ്പും കേസിലുള്‍പ്പെട്ടവര്‍

അറസ്റ്റിലായവര്‍ വിവിധ കേസുകളില്‍ പ്രതികളായ കുറ്റവാളികളാണെന്ന് പോലീസ് പറഞ്ഞു. ജയന്‍ പാലക്കാട് സൗത്ത് സ്റ്റേഷനിന്‍ തോക്കുചൂണ്ടി 60,000 രൂപ കവര്‍ന്നകേസില്‍ പ്രതിയാണ്. വിപിന്‍ എട്ടുദിവസംമുമ്പാണ് ജയില്‍ മോചിതനായത്. വിവിധ കുഴല്‍പ്പണക്കേസുകളില്‍ പ്രതിയാണ്. രക്ഷപ്പെട്ട രാഹുലിന് തമിഴ്നാട് മഠത്തിക്കുളത്തില്‍ രണ്ട് മോഷണക്കേസുകളും പെരിന്തല്‍മണ്ണയിലും കേസുണ്ട്. കസബസ്റ്റേഷനില്‍ ഒന്നരക്കിലോ സ്വര്‍ണം തട്ടിയെടുത്ത കേസിലും പ്രതിയാണ്.