ചെന്നൈ: ഹോട്ടലില്‍നിന്ന് പൊറോട്ട കഴിച്ചശേഷം കിടന്നുറങ്ങിയ കോളേജ് വിദ്യാര്‍ഥി ശ്വാസതടസ്സംമൂലം മരിച്ചു. കൊളത്തൂര്‍ വി.വി. നഗര്‍ സ്വദേശിയായ സിബിയാണ് (17) മരിച്ചത്. സ്വകാര്യ കോളേജില്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു.

വ്യാഴാഴ്ച രാത്രി വീടിനടുത്തുള്ള ഒരു ഫാസ്റ്റ് ഫുഡ് ഹോട്ടലില്‍നിന്ന് സിബി പൊറോട്ട കഴിച്ചിരുന്നു. പിന്നീട് വീട്ടിലെത്തി ഉറങ്ങാന്‍ കിടന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ സിബിക്ക് കലശലായ ശ്വാസതടസ്സമുണ്ടാവുകയായിരുന്നു. 108 ആംബുലന്‍സ് വിളിച്ച് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പൊറോട്ട കഴിച്ചതാണ് മരണത്തിന് കാരണമെന്നും ഭക്ഷ്യവിഷബാധയുണ്ടായെന്നും ബന്ധുക്കള്‍ ആരോപിച്ചു. കേസെടുത്ത കൊളത്തൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.