വര്‍ക്കല: വര്‍ക്കലയിലെ റിസോര്‍ട്ടില്‍ മരിച്ച തമിഴ്നാട് സ്വദേശിനിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയുടെ സഹപാഠികളെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. അസ്വാഭാവികമായി ഒന്നുമില്ലെന്ന മൃതദേഹപരിശോധന നടത്തിയ ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം കണക്കിലെടുത്താണ് ഒപ്പമുണ്ടായിരുന്നവരെ വിട്ടത്.

തൂത്തുക്കുടി ദിണ്ടിഗല്‍ സ്വദേശിനി ദഷ്രിത തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു മരണം. കോയമ്പത്തൂര്‍ നെഹ്റു എയ്റോനോട്ടിക് എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ഥിനിയായ ദഷ്രിത സഹപാഠികള്‍ക്കൊപ്പമാണ് റിസോര്‍ട്ടിലെത്തിയത്.

ദഷ്രിത ഉള്‍പ്പെടെ നാല് പെണ്‍കുട്ടികളും നാല് ആണ്‍കുട്ടികളുമാണ് മുറിയെടുത്ത് താമസിച്ചിരുന്നത്. ഇവരില്‍ ആറുപേര്‍ ഒന്നിച്ച് സ്‌കൂളില്‍ പഠിച്ചവരും രണ്ടുപേര്‍ പിന്നീട് കോളേജില്‍ വച്ച് പരിചയപ്പെട്ടവരുമാണ്. സംഘത്തിലുണ്ടായിരുന്ന വിദ്യാര്‍ഥിനിയുടെ ജന്മദിനം ആഘോഷിക്കാന്‍ എത്തിയെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. വീടുകളില്‍ അറിയിക്കാതെയാണ് എത്തിയത്. ദഷ്രിതയുടെ മരണത്തെത്തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന ഏഴുപേരെയും പോലീസ് സ്റ്റേഷനിലെത്തിക്കുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നു.

ദഷ്രിതയും സഹപാഠികളും താമസിച്ച റിസോര്‍ട്ടിലെ മുറികള്‍ ഫൊറന്‍സിക്, വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തിയിരുന്നു. ഇവരുടെ ബാഗുകളും മൊബൈല്‍ ഫോണുകളും പരിശോധനയ്ക്ക് വിധേയമാക്കി. ഇവരുടെയെല്ലാം രക്ഷിതാക്കളെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ദഷ്രിതയുടെ ഒപ്പമുണ്ടായിരുന്നവരെ വിശദമായി ചോദ്യം ചെയ്തിരുന്നു. 

ബലപ്രയോഗം നടന്നിട്ടില്ലെന്നായിരുന്നു മൃതദേഹപരിശോധനയിലെ പ്രാഥമിക നിഗമനം. മരണത്തിലെ ദുരൂഹത നീക്കാന്‍ ദഷ്രിതയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതിന്റെ ഫലവും മൃതദേഹപരിശോധനാ റിപ്പോര്‍ട്ടും ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.

Content Highlights: college student died in a resort in varkala