മലപ്പുറം:  കൊണ്ടോട്ടിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ ക്രൂരമായി ആക്രമിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പിടിയിലായത് 15-കാരനായ സ്‌കൂള്‍ വിദ്യാര്‍ഥി. പെണ്‍കുട്ടിയുടെ മൊഴിയും പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ നാട്ടുകാരന്‍ തന്നെയായ പ്രതിയെ പോലീസ് പിടികൂടിയത്. കസ്റ്റഡിയിലുള്ള പ്രതി കുറ്റം സമ്മതിച്ചെന്നും പ്രതിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു. 

 പെണ്‍കുട്ടി ആക്രമണത്തിനിരയായെന്ന വിവരമറിഞ്ഞയുടന്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിരുന്നു. ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തുടര്‍ന്നാണ് സംഭവം നടന്ന് 24 മണിക്കൂറിന് ശേഷം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. 

കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ കൊട്ടൂക്കര അങ്ങാടിയോട് ചേര്‍ന്നുള്ള വഴിയില്‍വെച്ചാണ് പെണ്‍കുട്ടിക്ക് നേരേ പീഡനശ്രമമുണ്ടായത്. ഇത് വിജനമായ സ്ഥലമൊന്നുമല്ല. അതിനാല്‍തന്നെ സ്ഥലത്തെക്കുറിച്ചും പെണ്‍കുട്ടിയെക്കുറിച്ചും വ്യക്തമായി അറിയുന്നയാളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് ഉറപ്പിച്ചിരുന്നു. താടിയും മുടിയും ഇല്ലാത്തയാളാണ് ആക്രമിച്ചതെന്ന പെണ്‍കുട്ടിയുടെ മൊഴിയും സമീപത്തെ ചില സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തില്‍ നിര്‍ണായകമായി. 

പ്രതിയെ തിരിച്ചറിഞ്ഞതോടെ 15-കാരനെ വീട്ടിലെത്തിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസത്തെ പീഡനശ്രമത്തിനിടെ 15-കാരനും പരിക്കേറ്റിരുന്നു. നായ ഓടിച്ചപ്പോള്‍ നിലത്തുവീണെന്നും അങ്ങനെയാണ് മുറിവുണ്ടായതെന്നുമാണ് പ്രതി വീട്ടുകാരോട് പറഞ്ഞിരുന്നത്. ചൊവ്വാഴ്ച പോലീസ് എത്തിയപ്പോഴും ഇതേ മൊഴി ആവര്‍ത്തിക്കുകയും ചെയ്തു. 

എല്ലാദിവസവും വഴിയിലെ കലുങ്കിലിരുന്ന് പ്രതി പെണ്‍കുട്ടിയെ നിരീക്ഷിച്ചിരുന്നതായാണ് വിവരം. എന്നാല്‍ അധികമാരോടും സംസാരിക്കാത്ത ഒതുങ്ങികഴിഞ്ഞിരുന്ന പ്രകൃതമായിരുന്നു 15-കാരന്റേതെന്ന് നാട്ടുകാരും പറയുന്നു. കേസുമായി ബന്ധപ്പെട്ട് ശാസ്ത്രീയ തെളിവുകളടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്. 

കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് കൊട്ടൂക്കര അങ്ങാടിക്ക് സമീപം കോളേജ് വിദ്യാര്‍ഥിനിയായ 21-കാരിക്ക് നേരേ ക്രൂരമായ ആക്രമണമുണ്ടായത്. വീട്ടില്‍നിന്ന് കൊട്ടൂക്കര അങ്ങാടിയിലേക്ക് നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ അക്രമി കടന്നുപിടിക്കുകയും വലിച്ചിഴച്ച് സമീപത്തെ വാഴത്തോട്ടത്തിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. ചെറിയ മതിലിന് മുകളിലൂടെയാണ് പെണ്‍കുട്ടിയെ തോട്ടത്തിലേക്ക് തള്ളിയിട്ടത്. തോട്ടത്തിലൂടെ വലിച്ചിഴച്ചപ്പോള്‍ പെണ്‍കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും മുഖത്ത് കല്ല് കൊണ്ടിടിച്ചു. വസ്ത്രങ്ങള്‍ വലിച്ചുകീറുകയും കൈകള്‍ കെട്ടിയിടുകയും വായില്‍ തുണിതിരുകുകയും ചെയ്തു. തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടി ഓടിരക്ഷപ്പെട്ട് സമീപത്തെ വീട്ടില്‍ അഭയം തേടുകയായിരുന്നു. പരിക്കേറ്റ പെണ്‍കുട്ടി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.  

പെണ്‍കുട്ടിക്ക് നേരേ നടന്ന ക്രൂരമായ ആക്രമണത്തിന് പിന്നില്‍ ഒരു 15-കാരനാണെന്ന വാര്‍ത്ത കേട്ടതിന്റെ ഞെട്ടലിലാണ് നാട്ടുകാരും. കഴിഞ്ഞദിവസത്തെ സംഭവത്തിന് ശേഷം നാട്ടുകാര്‍ക്കെല്ലാം വലിയ ആശങ്കയും ഭയവും ഉണ്ടായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ പതിവായി സഞ്ചരിക്കുന്ന വഴിയില്‍വെച്ചാണ് 21-കാരി ആക്രമണത്തിനിരയായത്. ഇതോടെ എത്രയും പെട്ടെന്ന് പ്രതിയെ കണ്ടെത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlights: college student brutally attacked in kondotty 15 year old school student in police custody