സൂറത്ത്: ഗൂജറാത്തില്‍ കോളേജ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അതേ കോളേജിലെ വിദ്യാര്‍ത്ഥി അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അശ്ലീല വീഡിയോയും ചിത്രങ്ങളും പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തതാണ് തന്നെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ആത്മഹത്യാ കുറിപ്പിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് മോയിന്‍ ഹുസൈന്‍ഖാന്‍ പഥാന്‍ (20) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച ഒരു ഓട്ടോയില്‍ കയറിയ പെണ്‍കുട്ടി മഗ്ദള്ള പാലത്തില്‍ നിന്നും തപി നദിയിലേക്ക് ചാടുകയായിരുന്നു. 

സൂറത്ത് ഡി.ആര്‍.ബി കോളേജിലെ രണ്ടാം വര്‍ഷ കോമേഴ്‌സ് വിദ്യാര്‍ഥിയാണ് മോയിന്‍.  ഇതേ കോളേജിലെ മൂന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയാണ് ആത്മഹത്യ ചെയ്ത ദീപിക ഖാത്രി. 

ഓട്ടോ ഡ്രൈവറുടെ കൈയില്‍ നിന്നും മൊബൈല്‍ ഫോണ്‍ വാങ്ങി താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് ദീപിക അച്ഛനെ വിളിച്ചു പറഞ്ഞിരുന്നു. അച്ഛന്‍ സംഭവസ്ഥലത്ത് എത്തുന്നതിന് മുമ്പ് മകള്‍ നദിയിലേക്ക് എടുത്തുചാടി. നദിയില്‍ ഒലിച്ചുപോയ മൃതദേഹം വെള്ളിയാഴ്ച മുഗ്ലിസാര എന്ന സ്ഥലത്ത് വെച്ച് കണ്ടെത്തുകയായിരുന്നു.

നദിയിലേക്ക് ചാടുന്നതിന് മുന്‍പ് പെണ്‍കുട്ടി ഓട്ടോ ഡ്രൈവറുടെ കൈയില്‍ ആത്മഹത്യാക്കുറിപ്പ് എഴുതി നല്‍കുകി. ഹോട്ടല്‍മുറിയില്‍ വെച്ച് മോയിന്‍ തന്റെ അശ്‌ളീല വീഡീയോയും ചിത്രങ്ങളും പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തതായി ആത്മഹത്യക്കുറിപ്പിലുണ്ട്.

ദീപികയുടെ അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തിലും പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തിലുമാണ് പോലീസ് മോയിനെ അറസ്റ്റ് ചെയ്തത്.