ഭൂവനേശ്വര്‍: കോളേജ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്തും സ്വവര്‍ഗ പങ്കാളിയുമായ പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. ബാലസോറിലെ വനിതാ കോളേജില്‍  അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായിരുന്ന സസ്മിത(21) ജീവനൊടുക്കിയ സംഭവത്തിലാണ് പെണ്‍കുട്ടിയുടെ സുഹൃത്തായ മറ്റൊരു കോളേജ് വിദ്യാര്‍ഥിനി പിടിയിലായത്. 

സെപ്റ്റംബര്‍ 28 വെള്ളിയാഴ്ചയാണ് സസ്മിതയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ പിടിയിലായ പെണ്‍കുട്ടിയും സസ്മിതയും സ്വവര്‍ഗാനുരാഗികളായിരുന്നുവെന്ന് കണ്ടെത്തി. സസ്മിതയുടെ ഡയറിക്കുറിപ്പുകളും മൊബൈല്‍ ഫോണും പരിശോധിച്ചതോടെയാണ് ഇവര്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സൂചന ലഭിച്ചത്. പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലും ഇവരുടെ ബന്ധത്തെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. 

അറസ്റ്റിലായ പെണ്‍കുട്ടിയോട് സസ്മിത വിവാഹാഭ്യര്‍ഥന നടത്തിയിരുന്നതായും, എന്നാല്‍ പെണ്‍കുട്ടി ഇത് നിരസിച്ചതോടെ സസ്മിത ജീവനൊടുക്കിയെന്നുമാണ് നിലാഗിരി പോലീസ് ഇന്‍സ്‌പെക്ടര്‍ നളിതാ മോഡി പറഞ്ഞത്. സസ്മിതയുടെ ഡയറിയില്‍നിന്ന് സ്വവര്‍ഗാനുരാഗത്തെ സംബന്ധിച്ചുള്ള തെളിവുകള്‍ ലഭിച്ചെന്നും പോലീസ് അറിയിച്ചു. ഇരുവരും സദാസമയവും ഒരുമിച്ചായിരുന്നെന്നും, ജീവനൊടുക്കിയതിന്റെ തലേദിവസം സസ്മിത വളരെ നിരാശയിലായിരുന്നെന്നും ഹോസ്റ്റല്‍ സൂപ്രണ്ടും മൊഴിനല്‍കിയിട്ടുണ്ട്.

അതേസമയം, തന്റെ മകളെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് ആരോപിച്ച് അറസ്റ്റിലായ പെണ്‍കുട്ടിയുടെ പിതാവ് രംഗത്തെത്തി. പോലീസ് ഉദ്യോഗസ്ഥര്‍ കെട്ടിച്ചമച്ച കേസാണിതെന്നും, മകള്‍ നിരപരാധിയാണെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് പെണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ പെണ്‍കുട്ടിക്ക് ജാമ്യം നിഷേധിച്ചതിനാല്‍ സബ്ജയിലിലേക്ക് അയച്ചു.