മേട്ടുപ്പാളയം: ലോഡ്ജ് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയിരുന്ന സംഘത്തെ പോലീസ് പിടികൂടി. വെല്ലൂർ സ്വദേശികളായ മഹേന്ദ്രൻ (46), ഗണേശൻ (36) എന്നിവരെയാണ് മേട്ടുപ്പാളയം പോലീസ് അറസ്റ്റ് ചെയ്തത്. ലോഡ്ജിലെ രഹസ്യമുറിയിൽ പാർപ്പിച്ചിരുന്ന യുവതിയെയും പോലീസ് മോചിപ്പിച്ചു. ഊട്ടി റോഡിലെ കല്ലാറിൽ ലോക്ഡൗൺ കാരണം അടഞ്ഞുകിടക്കുന്ന ശരണ്യ ലോഡ്ജിലാണ് ഓൺലൈൻ ബുക്കിങ്ങ് വഴി പെൺവാണിഭം നടന്നുവന്നിരുന്നത്.

ലോഡ്ജിലെ മുറിക്കുള്ളിലെ മുഖം നോക്കുന്ന കണ്ണാടിക്ക് പിറകിൽ രഹസ്യമുറിയിലാണ് പ്രതികൾ പെൺവാണിഭത്തിനായി എത്തിച്ച യുവതിയെ താമസിപ്പിച്ചിരുന്നത്. കണ്ണാടി നീക്കിയാൽ മുറിക്കുള്ളിലേക്ക് കടക്കാവുന്ന രീതിയിലായിരുന്നു സംവിധാനം.

രഹസ്യമുറിയിൽ കിടക്കയും ശുചിമുറിയും ഒരുക്കിയിരുന്നു. പോലീസ് പരിശോധനയ്ക്കിടെ മുറിയിൽനിന്നും 22-കാരിയായ ബെംഗളൂരു സ്വദേശിനിയെ മോചിപ്പിച്ചു. യുവതിയെ പിന്നീട് കോയമ്പത്തൂരിലെ മഹിളാമന്ദിരത്തിലേക്ക് മാറ്റി. മൂന്നുവർഷമായി ലോഡ്ജിന്റെ മേൽനോട്ടച്ചുമതല മഹേന്ദ്രനായിരുന്നു. പോലീസ് സംഘം വേഷം മാറി എത്തിയാണ് രഹസ്യമുറി കണ്ടെത്തിയത്.

പൂട്ടിക്കിടന്ന മസാജ് സെന്ററിലും പെൺവാണിഭം

കോയമ്പത്തൂർ സൗരി പാളയം പിരിവിൽ ലോക്ഡൗൺ കാരണം പൂട്ടിക്കിടന്ന മസാജ് സെന്റർ കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിവന്നവരെ പോലീസ് അറസ്റ്റ് ചെയ്തു. റോസ് സ്പാ മസാജ് സെന്റർ ഉടമ വിനീഷ്, മാനേജർ വിക്രം എന്നിവരെയാണ് രാമനാഥപുരം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവിടെനിന്ന് മോചിപ്പിച്ച കോയമ്പത്തൂർ സ്വദേശിനികളായ രണ്ട് യുവതികളെ സർക്കാർ വനിതാ ഹോസ്റ്റലിലേക്ക് അയച്ചു. ജില്ലാ പോലീസ് സൂപ്രണ്ട് അരുളരശുവിന് ലഭിച്ച രഹസ്യ സന്ദേശങ്ങളെ തുടർന്നാണ് മേട്ടുപ്പാളയത്തും കോയമ്പത്തൂരിലും റെയ്‌ഡ് നടന്നത്.

Content Highlights:coimbatore mettuppalayam police busts secret room sex racket