നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ എമിഗ്രേഷന്‍, സെക്യൂരിറ്റി വിഭാഗങ്ങളില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ്. ഇതുമായി ബന്ധപ്പെട്ട് ആലുവ യു.സി. കോളേജ് സ്വദേശി സൈനുദ്ദീനെ (ഷംസു) നെടുമ്പാശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തു.

kochin international airportഒരു പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാരനാണെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇയാളുടെ കൂട്ടാളിയായ മറ്റൊരാള്‍ പോലീസിന് പിടികൊടുക്കാതെ രക്ഷപ്പെട്ടു. ഇയാള്‍ക്കു വേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിനു ശേഷം മാത്രമേ പിടിയിലായ ആളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുളളൂവെന്ന് പോലീസ് അറിയിച്ചു. വിമാനത്താവളത്തിലെ ഒരു ഹോട്ടലിന്റെ മുന്നില്‍ പ്രത്യേകമായി കസേരകളും മറ്റും സജ്ജമാക്കി സംശയകരമായ രീതിയില്‍ ഇന്റര്‍വ്യു നടത്തുന്നതു കണ്ട വിമാനത്താവളത്തിലെ ചില ജീവനക്കാര്‍ വിമാനത്താവള കമ്പനി അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

 തുടര്‍ന്ന് വിമാനത്താവളത്തിലെ പോലീസ് എയ്ഡ് പോസ്റ്റിലെ എസ്.ഐ. സുധീറിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി ഇന്റര്‍വ്യു ചെയ്തയാളെയും കൂടെയുണ്ടായിരുന്നവരെയും പിടികൂടി നെടുമ്പാശ്ശേരി പോലീസിന് കൈമാറി. ഇന്റര്‍വ്യൂവിനു ശേഷം പിന്നീട് തുക നല്‍കിയാല്‍ മാത്രമേ നിയമനം ലഭിക്കുകയുള്ളൂവെന്നാണ് സംഘം ഉദ്യോഗാര്‍ഥികളോട് വെളിപ്പെടുത്തിയിരുന്നത്. ഇന്റര്‍നെറ്റ് വഴിയാണ് ഇവര്‍ ഉദ്യോഗാര്‍ഥികളെ കണ്ടെത്തിയിരുന്നതെന്നറിയുന്നു. കൂടാതെ ഫോണ്‍ നമ്പറുകള്‍ ശേഖരിച്ച് നേരിട്ടു വിളിച്ചും ഉദ്യോഗാര്‍ഥികളെ കണ്ടെത്തിയിരുന്നു. 

പോലീസില്‍ പരാതി നല്‍കാതിരുന്നാല്‍ പണം തിരികെ നല്‍കാമെന്ന് ഇവര്‍ പറഞ്ഞതിനെ തുടര്‍ന്ന് തട്ടിപ്പിനിരയായവര്‍ രേഖാമൂലം പരാതി നല്‍കാന്‍ സന്നദ്ധമായില്ലെങ്കിലും സിയാല്‍ അധികൃതര്‍ രേഖാമൂലം പരാതി നല്‍കിയാല്‍ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. വിമാനത്താവളത്തില്‍ പുതിയ അന്താരാഷ്ട്ര ടെര്‍മിനല്‍ തുറന്ന സാഹചര്യത്തില്‍ എമിഗ്രേഷനിലേക്ക് അസിസ്റ്റന്റുമാരെ ആവശ്യമുണ്ടെന്നു പറഞ്ഞാണ് ഇവര്‍ ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ചത്. സംഘം ആരില്‍ നിന്നെങ്കിലും പണം വാങ്ങിയിട്ടുണ്ടോ എന്നതുള്‍പ്പെടെ കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്.