കൊല്‍ക്കത്ത: മയക്കുമരുന്ന് കേസില്‍ ബി.ജെ.പി. നേതാവിനെതിരേ ഗുരുതര ആരോപണവുമായി യുവമോര്‍ച്ച വനിതാ നേതാവ് പമേല ഗോസ്വാമി. കൊക്കെയ്ന്‍ പിടികൂടിയ കേസിന് പിന്നില്‍ ബി.ജെ.പി. സംസ്ഥാന സമിതി അംഗമായ രാകേഷ് സിങ്ങാണെന്നും അദ്ദേഹത്തിന്റെ ഗൂഢാലോചനയുടെ ഭാഗമായാണ് താന്‍ കേസില്‍ കുടുങ്ങിയതെന്നും പമേല ആരോപിച്ചു. വ്യാഴാഴ്ച കോടതിയില്‍നിന്ന് മടങ്ങുന്നതിനിടെയാണ് പമേല ഗോസ്വാമി രാകേഷ് സിങ്ങിനെതിരേ ആരോപണമുന്നയിച്ചത്. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ പുതിയ വിവാദങ്ങള്‍ക്കും തുടക്കംകുറിച്ചു. 

ഭാരത് മാതാ കീ ജയ് എന്ന് മുഴക്കിയാണ് പമേല കോടതിയില്‍നിന്ന് പുറത്തിറങ്ങിയത്. ഇതിനുപിന്നാലെ രാകേഷ് സിങ്ങിനെതിരേ പൊട്ടിത്തെറിക്കുകയായിരുന്നു. ' താന്‍ ഗൂഢാലോചനയുടെ ഇരയാണ്. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് രാകേഷ് സിങ് നാടുവിടാന്‍ ശ്രമിച്ചത്?' ഇതായിരുന്നു പമേലയുടെ ചോദ്യം. മാത്രമല്ല, രാകേഷ് സിങ്ങിന് തന്നോട് താത്പര്യമുണ്ടായിരുന്നതായും എന്നാല്‍. ഇതിനെ എതിര്‍ത്തതോടെ തന്നെ കള്ളക്കേസില്‍ കുടുക്കുകയാണ് ചെയ്തതെന്നും പമേല ആരോപിച്ചു. 

'ഏറെനാളായി രാകേഷിന് എന്നോട് താത്പര്യമുണ്ടായിരുന്നു. അതൊന്നും ഞാന്‍ ചെവികൊണ്ടില്ല. പക്ഷേ, അദ്ദേഹം കൂടുതല്‍ പ്രകോപിതനാവുകയാണ് ചെയ്തത്. ഇതാണ് ഈ കേസിന് പിന്നിലെ കഥ. രാകേഷ് എന്നെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ട്. ആസിഡ് ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തി. അന്ന് മുതല്‍ എനിക്കെതിരേയുള്ള ഗൂഢാലോചന തുടങ്ങിയതാണ്. ഞാന്‍ പോലീസില്‍ പരാതി നല്‍കാനൊരുങ്ങിയപ്പോള്‍ എന്നെ ഭീഷണിപ്പെടുത്തി.

'എന്റെ മുഖത്ത് ആസിഡൊഴിക്കുമെന്നും എന്റെ ബന്ധുക്കളെ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. എന്റെ കാറില്‍ കൊക്കെയ്ന്‍വെച്ചതിന് പിന്നില്‍ രാകേഷ് തന്നെയാണ്. എനിക്കെതിരേ അദ്ദേഹം എന്തോ പദ്ധതിയിടുന്നതായി എനിക്കറിയാമായിരുന്നു. പക്ഷേ, ഒരു മയക്കുമരുന്ന് കേസില്‍ എന്നെ കുടുക്കുമെന്ന് ഞാനറിഞ്ഞില്ല'- പമേല പറഞ്ഞു. സംഭവത്തില്‍ രാകേഷ് ഒഴികെ ബി.ജെ.പിയിലെ മറ്റൊരു നേതാവിനെതിരേയും തനിക്ക് പരാതിയില്ലെന്നും അവര്‍ വ്യക്തമാക്കി. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാറില്‍ 90 ഗ്രാം കൊക്കെയ്‌നുമായി യുവമോര്‍ച്ച നേതാവ് പമേല ഗോസ്വാമിയെ ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍, ഇതിനു പിന്നില്‍ ബി.ജെ.പി. നേതാവ് രാകേഷ് സിങ്ങാണെന്നും അദ്ദേഹത്തെ പിടികൂടണമെന്നുമാണ് പമേല പോലീസിനോട് പറഞ്ഞത്. രാകേഷ് സിങ്ങിനോട് പോലീസിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് കഴിയില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് രാകേഷിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. എന്നാല്‍ ബി.ജെ.പി. നേതാവ് വീട്ടില്‍നിന്നും കടന്നുകളഞ്ഞിരുന്നു.

പിന്നീട് സംസ്ഥാനം വിടാനുള്ള ശ്രമത്തിനിടെ ഗല്‍സിയില്‍നിന്നാണ് രാകേഷിനെ പിടികൂടിയത്. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ രാകേഷ് സിങ്ങിനെ മാര്‍ച്ച് ഒന്ന് വരെ റിമാന്‍ഡ് ചെയ്തിരുന്നു. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ പമേല ഗോസ്വാമിയുടെ റിമാന്‍ഡ് മാര്‍ച്ച് അഞ്ച് വരെയും നീട്ടി. 

Content Highlights: cocaine case yuvamorcha leader pamela goswami allegation against bjp leader rakesh singh