കൊല്‍ക്കത്ത: യുവമോര്‍ച്ച ബംഗാള്‍ സംസ്ഥാന സെക്രട്ടറി പമേല ഗോസ്വാമി ഉള്‍പ്പെട്ട മയക്കുമരുന്ന് കേസില്‍ ബി.ജെ.പി. നേതാവ് രാകേഷ് സിങ് റിമാന്‍ഡില്‍. മാര്‍ച്ച് ഒന്ന് വരെയാണ് രാകേഷ് സിങ്ങിനെ അലിപോര്‍ എന്‍.ഡി.പി.എസ്. കോടതി പോലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്. ബി.ജെ.പി. സംസ്ഥാന സമിതി അംഗമായ രാകേഷിനെ കഴിഞ്ഞദിവസം ബര്‍ദ്വാനിലെ ഗല്‍സിയില്‍നിന്നാണ് കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്തത്. 

യുവമോര്‍ച്ച നേതാവ് പമേല ഗോസ്വാമിയെ കൊക്കെയ്‌നുമായി ദിവസങ്ങള്‍ക്ക് മുമ്പ് പോലീസ് പിടികൂടിയിരുന്നു. ഇവരില്‍നിന്നാണ് മയക്കുമരുന്ന് കേസിന്റെ അന്വേഷണം രാകേഷിലേക്കും നീണ്ടത്. തുടര്‍ന്ന് പോലീസിന് മുന്നില്‍ ഹാജരാകാന്‍ രാകേഷ് സിങ്ങിന് നോട്ടീസ് നല്‍കിയെങ്കിലും അതിനുകഴിയില്ലെന്നായിരുന്നു മറുപടി. ഇതിനുപിന്നാലെയാണ് പോലീസ് സംഘം കഴിഞ്ഞദിവസം ബി.ജെ.പി. നേതാവിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. എന്നാല്‍ വീട്ടില്‍നിന്ന് കടന്നുകളഞ്ഞ രാകേഷ് സിങ്ങിനെ സംസ്ഥാനം വിടാനുള്ള ശ്രമത്തിനിടെ ഗല്‍സിയില്‍നിന്ന് പിടികൂടിയെന്നാണ് പോലീസ് പറയുന്നത്. 

അതിനിടെ, തന്റെ അറസ്റ്റ് തൃണമൂല്‍ കോണ്‍ഗ്രസ് ആസൂത്രണം ചെയ്ത പദ്ധതിയാണെന്ന് രാകേഷ് സിങ് കോടതിയില്‍നിന്ന് മടങ്ങുന്നതിനിടെ മാധ്യമങ്ങളോട് പറഞ്ഞു. മമത ബാനര്‍ജിയുടെയും അഭിഷേക് ബാനര്‍ജിയുടെയും ഭീഷണിപ്പെടുത്തലാണ് ഈ സംഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: cocaine case after pamela goswami bjp leader rakesh singh remanded in police custody