ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടി തീരത്തിന് സമീപം ആയുധങ്ങളും മയക്കുമരുന്നുകളുമായി എത്തിയ ശ്രീലങ്കൻ ബോട്ട് കോസ്റ്റ് ഗാർഡ് പിടികൂടി. 100 കിലോ ഹെറോയിൻ, 20 പെട്ടികളിലായി സൂക്ഷിച്ച സിന്തറ്റിക് മയക്കുമരുന്ന്, അഞ്ച് തോക്കുകൾ, സാറ്റലൈറ്റ് ഫോൺ എന്നിവ ബോട്ടിൽനിന്ന് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ബോട്ടിലുണ്ടായിരുന്ന ആറ് ശ്രീലങ്കൻ സ്വദേശികളെ കസ്റ്റഡിയിലെടുത്തു.

പാകിസ്താനിലെ കറാച്ചിയിൽനിന്ന് ഓസ്ട്രേലിയയിലേക്ക് മയക്കുമരുന്നുമായി പോയ ഷെനായ ദുവ എന്ന ശ്രീലങ്കൻ ബോട്ടിനെയാണ് കോസ്റ്റ്ഗാർഡ് പിടികൂടിയത്. കടലിൽ പട്രോളിങ് നടത്തുകയായിരുന്ന കോസ്റ്റ്ഗാർഡിന്റെ വൈഭവ് കപ്പൽ ബോട്ടിനെ തടയുകയും തുടർന്ന് പരിശോധന നടത്തുകയുമായിരുന്നു.

മയക്കുമരുന്ന് കണ്ടെത്തിയതിനാൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബോട്ട് തൂത്തുക്കുടി തീരത്ത് അടുപ്പിച്ചാൽ കസ്റ്റഡിയിലുള്ളവരെ വിവിധ കേന്ദ്ര ഏജൻസികൾ സംയുക്തമായി ചോദ്യംചെയ്യും.

Content Highlights:coastguard seized drugs and pistols from srilankan boat in tamilnadu